
ഇടുക്കി: മൂന്നാറിലെ ശുചിമുറികള്‍ തുറക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അനുമതി തേടി ഹൈക്കോടതിയിലേക്ക്. ടൗണില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ട് ശുചിമുറികള്‍ക്ക് വൈദ്യുതി ലഭിക്കുന്നതിനാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയും സെക്രട്ടറി മധുസൂധനന്‍ ഉണ്ണിത്താനും ഹൈക്കോടതിയെ സമീപിക്കുന്നത്.
പുഴയുടെ തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി ലഭിക്കണമെങ്കില്‍ എന്‍ഒസി വേണമെന്ന് കമ്പനി അധികൃതര്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ജില്ലാ കളക്ടര്‍ എന്‍ഒസി നല്‍കുന്നതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പഞ്ചായത്ത് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
അഞ്ച് വര്‍ഷം മുമ്പാണ് മൂന്നാര്‍ ടൗണിലെ രണ്ട് ശുചിമുറികള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതിനായി പൂട്ടിയത്. വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിച്ചതോടെ കമ്പനി അധിക്യതര്‍ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കെട്ടിടത്തിന് വൈദ്യുതി നല്‍കാന്‍ കഴിയാത്തതെന്നാണ് കമ്പനിയുടെ വാദം.
എന്നാല്‍, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ് എന്‍സിഒ ആവശ്യമുള്ളുവെന്ന നിലപാടിലാണ് റവന്യു വകുപ്പ്. വിദേശികളടക്കം ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ സീസണിലും മൂന്നാറിലെത്തുന്നത്.
ഇവര്‍ക്ക് നിലവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ സ്വകാര്യ ഹോട്ടലുകളെ സമീപിക്കേണ്ട അവസ്ഥയാണ്. കെഎസ്ഇബിയുടെ വൈദ്യുതി കണക്ഷനുകള്‍ മൂന്നാറിലും പരിസരങ്ങളിലും ലഭിക്കുന്നില്ല. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് വൈദ്യുതി ലഭിക്കണമെങ്കില്‍ കമ്പനിയെ സമീപിക്കേണ്ട അവസ്ഥയും നിലവിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam