മൂന്നാറിൽ കനത്ത മഴ; പെരിയവാര താല്‍ക്കാലിക പാലം തകർന്നു, ഒറ്റപ്പെട്ട് മറയൂര്‍ പഞ്ചായത്ത്

By Web TeamFirst Published Aug 5, 2020, 5:09 PM IST
Highlights

പാലം തകര്‍ന്നതോടെ മറയൂര്‍ പഞ്ചായത്തും പെരിയവാര അടക്കം അഞ്ച് എസ്റ്റേറ്റുകളും ഒറ്റപ്പെട്ടു. പുതിയതായി നിർമ്മിക്കുന്ന പാലത്തിനുമുകളിലൂടെ സാഹസികമായാണ് പലരും മൂന്നാറിലെത്തുന്നത്. 

ഇടുക്കി: മൂന്നാറിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ കന്നിമലയാർ കരകവിഞ്ഞതോടെ പെരിയവാര താല്ക്കാലിക പാലം തകർന്നു. ഇതോടെ അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതം നിലച്ചു. പാലം തകര്‍ന്നതോടെ മറയൂര്‍ പഞ്ചായത്തും പെരിയവാര അടക്കം അഞ്ച് എസ്റ്റേറ്റുകളും ഒറ്റപ്പെട്ടു. പുതിയതായി നിർമ്മിക്കുന്ന പാലത്തിനുമുകളിലൂടെ സാഹസികമായാണ് പലരും മൂന്നാറിലെത്തുന്നത്. 

കഴിഞ്ഞ പ്രളയത്തിലാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പെരിയാവാര പാലം തകർന്നത്. തുടർന്ന്  അരലക്ഷത്തിലധികം പണം മുടക്കി പൊതുമരാമത്ത് വകുപ്പ് മൂന്നു പ്രാവശ്യം താല്ക്കാലിക പാലം നിർമ്മിച്ചെങ്കിലും കന്നിമലയാറ്റിലെ കുത്തൊഴുക്കിൽ തകർന്നു. മഴ മാറിയതോടെ കയർഫെഡിൻറെ സഹകരത്തോടെ നിർമ്മിച്ച പാലത്തിലൂടെയാണ് വീണ്ടും ഗതാഗതം പുനസ്ഥാപിച്ചത്. 

എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വീണ്ടും പാലം തകർന്നതോടെ അഞ്ചോളം എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. 5 കോടി രൂപ മുടക്കി നിർമ്മിക്കുന്ന പാലം ജൂലൈ മാസം തുറന്നുകൊടുക്കുമെന്നാണ് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ അറിയിച്ചതെങ്കിലും അപ്രോച്ചുമെൻറ് റോഡിൻറെ പണികൾ  പൂർത്തിയാക്കാത്തത് തിരിച്ചടിയായി. പാലം ഗതാഗത യോഗ്യമാകണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. 

നിലവിൽ ചളി നിറഞ്ഞ പാലത്തിലൂടെ സാഹസീകമായാണ് പലരും അത്യാവശ്യങ്ങൾക്ക് മൂന്നാറിലെത്തുന്നത്.  തിങ്കളാഴ്ച ആരംഭിച്ച കനത്ത മഴ ഇപ്പോഴും മൂന്നാറിൽ തുടരുകയാണ്. തിങ്കളാഴ്ച 7.92 സെൻറിമീറ്ററും, ചൊവ്വാഴ്ച 14.1 സെൻറിമീറ്ററും, ബുധനാഴ്ച രാവിലെവരെ 14.7 സെൻറിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചാൽ ഭീഷണിയില്ലെങ്കിലും ശക്തമായ കാറ്റിൽ മരങ്ങൾ പലയിടങ്ങളിലും കടപുഴകി വീണത് നാശനഷ്ടങ്ങൾക്ക് ഇടയാക്കി. 

ദേവികുളത്ത് എസ് ആർ ഷാജിയുടെ വീടിന് മുകളിൽ മരം വീണെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. ദേവികുളം സി എച്ച് എസ് സി, ആർ ഡി ഒ ഓഫീസ് ,റേഡിയോ നിലയം എന്നിവിടങ്ങളിലെ പൊതു സ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും സ്വകാര്യ വ്യക്തികളുടെ ഭൂമിയുള്ള മരങ്ങളും  വെട്ടിമാറ്റാൻ അധികൃതർ തയ്യറാകാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. 

അപകട സാധ്യത മുന്നിൽ കണ്ട് ദേവികുളത്ത് ഏഴ് കുടുംബങ്ങളെയും, മൂന്നാറിൽ നാല് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.  പ്രളയത്തിൽ തകർന്ന മൂന്നാർ- സൈലൻറുവാലി റോഡ്  പുനർനിർമ്മിക്കാതെ വന്നതോടെ ഇവിടുത്തെ മുന്നോളം എസ്റ്റേറ്റുകൾ ഒറ്റപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ ദേവികുളം സബ് കളക്ർ പ്രേം കൃഷ്ണൻറെ നേത്യത്വത്തിൽ പ്രത്യേക യോഗംകൂടി ദേവികുളം തഹസിൽദാർ ജി ജി എം കുന്നപ്പള്ളിയുടെ കീഴിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വില്ലേജ് ഓഫീസർ അടങ്ങുന്ന നാലു ടീമുകളെ നിയമിച്ചു. 

click me!