
കൊച്ചി: സഹോദരൻമാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ഭാഗത്ത് മതേലിപ്പറമ്പിൽ വീട്ടിൽ അമൽ ബാബു (23), കടുങ്ങല്ലൂർ മുപ്പത്തടം ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ അർജ്ജുൻ (30) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻവശത്താണ് സംഭവം നടന്നത്. സഹോദരൻമാരായ വിവേകിനേയും വിനോയിയേയും ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താനാണ് പ്രതികള്‍ ശ്രമിച്ചത്.
പ്രതികളും സഹോദരങ്ങളും തമ്മില്‍ കളമശ്ശേരി റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് വാക്കു തർക്കമുണ്ടായിരുന്നു. അതിന്റെ വിരോധത്താൽ കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻവശത്തു വച്ച് വിവേകിനേയും വിനോയിയേയും അര്‍ജുനും അമല്‍ ബാബുവും തടഞ്ഞു നിർത്തി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ബാറിൽ കയറിയ പ്രതികൾ ബിയർ കുപ്പി എടുത്തു കൊണ്ടു വന്ന് വിവേകിന്‍റെയും വിനോയിയുടെയും കഴുത്തിലും തലയിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതികളെ ഇന്നലെ കളമശ്ശേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പിടികൂടിയത്. സബ് ഇൻസ്പെക്ടർ ജോസഫ് , ബാബു എ എസ് ഐ അബു, സീനിയർ സിപിഒ ശ്രീജിത്ത്, സി പി ഒ ഷിബു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവർ മോഷണം, പിടിച്ചുപറി, പീഡനം, മയക്കുമരുന്ന്, അടിപിടി, വധശ്രമം തുടങ്ങി നിരവധി കേസുകളിലും 2023 ൽ ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച കേസിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam