'ഒരു ലിറ്റര്‍ കള്ളുകുടിക്കണം'; പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് മുങ്ങിയത് ഷാപ്പിലേക്ക്

By Web TeamFirst Published Dec 2, 2022, 7:43 AM IST
Highlights

ഒരു ലിറ്റര്‍ കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീർക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്നാണ്  ജോമോൻ പറയുന്നത്.

ഇടുക്കി: പൊലീസ് സംരക്ഷണയില്‍ പരോളിൽ വീട്ടിലെത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ കൊലക്കേസ് പ്രതിയെ പിടികൂടി. രാജാക്കാട് പൊന്മുടി സ്വദേശി കളപ്പുരക്കല്‍ ജോമോനെയാണ് മൂന്നാ‌‍ർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. ഒരു ലിറ്റര്‍ കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീർക്കാനാണ് പൊലീസിനെ വെട്ടിച്ച് ഓടിയതെന്നാണ്  ജോമോൻ പറയുന്നത്.

ഇടുക്കിയിലെ പൊന്മുടിയിൽ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോൾ അനുവദിച്ചത്.  കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്നും രണ്ട് പൊലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂടെയുണ്ടായിരുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പൊന്മുടി വനത്തിലേക്ക് പ്രതി രക്ഷപെട്ടത്. 

ജോമോനെ കണ്ടെത്താൻ മൂന്നാർ ഡിവൈഎസ്പി കെ.ആര്‍.മനോജ്, രാജാക്കാട് സിഐ ബി.പങ്കജാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രിയിലും തെരച്ചിൽ നടത്തിയിരുന്നു. പകൽ തെരച്ചിൽ നടത്തുന്നതിനിടെ വന മേഖലയില്‍ നിന്നും ജോമോൻ പുറത്തു വന്നതായി പോലീസിന് വിവരം ലഭിച്ചു.  പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിന്‍റെ പിടിയിലായത്.  വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പൊലീസ് ജോമോനെ കണ്ടെത്തിയത്.  

ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിതനായിരുന്ന ജോമോന്‍ വെളിച്ചമില്ലാതെയാണ് ദുര്‍ഘടമായ വന പ്രദേശത്ത് കഴിഞ്ഞതെന്ന് രാജാക്കാട് സി ഐ ബി പങ്കജാക്ഷൻ പറഞ്ഞു. രക്ഷപെട്ട ശേഷം രണ്ടു തവണ ഇയാൾ വീടിനു സമീപത്ത് എത്തിയെങ്കിലും നാട്ടുകാർ കണ്ടതിനെ തുടർന്ന് വനത്തിലേക്ക് തന്നെ രക്ഷപ്പെടുകയായിരുന്നു.  2015 ഫെബ്രുവരിയിൽ  കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിൻ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ. ഇരട്ട ജീവപര്യന്തം ശിക്ഷ അനുവഭിച്ചു വരുന്നതിനിടെയാണ് പരോൾ ആനുവദിച്ചത്.

കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ച ജോമോൻ കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്. പ്രായമായ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് ജോമോൻ പരോളിന് അപേക്ഷിച്ചിരുന്നു. എന്നാൽ പരോൾ അനുവദിക്കരുതെന്ന് രാജാക്കാട് പൊലീസ് റിപ്പോർട്ട് നൽകി. തുടർന്ന് പൊലീസ് സംരക്ഷണയിൽ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാൻ കോടതി അനുമതി നൽകുകയായിരുന്നു. 

Read More : വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വാങ്ങാന്‍ വിസമ്മതിച്ച അമ്മയെ 10 വയസുകാരന്‍ വെടിവച്ച് കൊന്നു

click me!