ഏറെ മോഹിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയി; പ്ലസ് വൺ വിദ്യാര്‍ത്ഥിയുടെ അപേക്ഷ വൈറല്‍

By Web TeamFirst Published Dec 2, 2022, 7:01 AM IST
Highlights

കൊച്ചി നഗരത്തില്‍ സൈക്കിള്‍ നഷ്ടപെട്ട കലൂര്‍ സ്റ്റേഡിയത്തിനു സമീപത്ത് കത്തെഴുതി വച്ച് കാത്തിരിക്കുകയാണ് തേവര എസ് എച്ച് ഹയര്‍സക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥി പവേല്‍ സമിത്.

മോഷ്ടിച്ചു കൊണ്ടുപോയ സൈക്കിള്‍ തിരിച്ചു തരണമെന്ന് പ്ലസ് വൺ വിദ്യാര്‍ത്ഥിയുടെ അപേക്ഷ. കൊച്ചി നഗരത്തില്‍ സൈക്കിള്‍ നഷ്ടപെട്ട കലൂര്‍ സ്റ്റേഡിയത്തിനു സമീപത്ത് കത്തെഴുതി വച്ച് കാത്തിരിക്കുകയാണ് തേവര എസ് എച്ച് ഹയര്‍സക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥി പവേല്‍ സമിത്. ഏറെ മോഹിച്ച് വാങ്ങിയ സൈക്കിള്‍ കത്ത് വായിച്ചാല്‍ മോഷ്ടാക്കള്‍ തിരിച്ചു തരുമെന്ന് തന്നെയാണ് പവേല്‍ സമിതിന്‍റെ പ്രതീക്ഷ.

സൈക്കിള്‍ മോഷണം പോയ മരത്തിന് സമീപം തൂക്കിയിരിക്കുന്ന പവേല്‍ സമിതിന്‍റെ കത്തിലുള്ളത് ഇങ്ങനെയാണ്. ഞാന്‍ പവേല്‍ സമിത്. തേവര എസ് എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വെച്ചിട്ടാണ് സ്കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ച് വന്നപ്പോഴേയ്ക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര്‍ തിരിച്ച് തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.  പവേലിന്‍റെ നമ്പര്‍ അടക്കമാണ് കത്ത് കൊടുത്തിരിക്കുന്നത്.

സൈക്കിള്‍ ഇതുവരെ കിട്ടിയില്ലെങ്കിലും പവേല്‍ സമിതിന്‍റെ കത്ത് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി ആളുകളാണ് കേരള പൊലീസിനേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും അടക്കം ടാഗ് ചെയ്ത് കത്ത് ഷെയര്‍ ചെയ്യുന്നത്.

ഒക്ടോബര്‍ മൂന്നാം വാരത്തില്‍ സൈക്കിള്‍ ഇല്ലാത്തതിന്‍റെ വിഷമത്തില്‍ വീട് വിട്ട് ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് പൊലീസുകാര്‍ സൈക്കിള്‍ വാങ്ങി നല്‍കിയിരുന്നു. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്‌റസയിലേക്കാണെന്നും പറഞ്ഞ് പോയ 12 വയസുകാരനായ അൽ അമീനെയാണ് കാണാതായത്. പരിഭ്രാന്തനായി ഇരുന്ന അൽ അമീന് പൊലീസുകാർ മിഠായി നൽകി സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ടെന്നും തനിക്ക് സൈക്കിളില്ലെന്നുമുള്ള വിഷമം പറഞ്ഞത്. ഒരു പഴയ സൈക്കിളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇത് ചവിട്ടാൻ പറ്റില്ലെന്നും പുതിയത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടാണെന്നും അൽ അമീൻ പറഞ്ഞു. ഈ സങ്കടത്തിലാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

സമാനമായ മറ്റൊരു സംഭവത്തില്‍ കാണാതായ സൈക്കിളിന് പകരം ഒമ്പതാം ക്ലാസുകാരന്  മണ്ണുത്തി പൊലീസ് പുതിയ സൈക്കിൾ വാങ്ങി നൽകിയിരുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൈക്കിൾ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന അർഷദിനാണ് മണ്ണി സ്റ്റേഷനിലെ പൊലീസുകാർ പിരിവിട്ടാണ് സൈക്കിൾ വാങ്ങിക്കൊടുത്തത്. സൈക്കിൾ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും പൊലീസ് പറഞ്ഞു. മെയ് 13 ന് മണ്ണുത്തി പാലത്തിന് സമീപം സൈക്കിൾ വച്ച് ഉമ്മയുടെ കൂടെ ബസ്സിൽ ടൌണിൽ പോയതായിരുന്നു അർഷദ്. തിരിച്ച് വന്നപ്പോഴാണ് സൈക്കിൾ മോഷണം പോയ വിവരം അറിഞ്ഞത്.  പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. പൊലീസ് സിസിടിവിയെല്ലാം പരിശോധിച്ചെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസുകാർ പിരിവിട്ട് സൈക്കിൾ വാങ്ങിയത്. 
 

click me!