10 വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം; പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി

Published : Mar 13, 2025, 12:44 PM IST
10 വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം; പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി

Synopsis

2015 നവംബറിലാണ് കുമാരപുരം സ്വദേശി 25 കാരനായ രാജേഷിനെ കാണാതായത്. ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്നു രാജേഷ്. കായംകുളം ഡിവൈഎസ്പിയ്ക്കാണ് കേസിന്‍റെ അന്വേഷണചുമതല.

ഹരിപ്പാട്: ഹരിപ്പാട് കുമാരപുരത്ത് നിന്ന് പത്ത് വർഷം മുൻപ് കാണാതായ യുവാവിന്റേത് കൊലപാതകമെന്ന് സംശയം. പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. തന്റെ മകനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുൻപിൽ കോണ്ടുവരണമെന്ന് കാണാതായ രാജേഷിന്റെ അമ്മ പ്രതികരിച്ചു.

2015 നവംബറിലാണ് കുമാരപുരം സ്വദേശി 25 കാരനായ രാജേഷിനെ കാണാതായത്. രാജേഷിന്‍റെ അമ്മയുടെ ആ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് വർഷങ്ങൾക്കിപ്പുറവും രാജേഷിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. കാണാതായതിന്റെ പിറ്റേ ദിവസം വീടിന് തൊട്ടടുത്ത റോഡിൽ തളംകെട്ടി നിൽക്കുന്ന രക്തവും മുടിയും കണ്ടെത്തിയതോടെ രാജേഷിന്റേത് കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. എന്നാൽ രാജേഷിന്റെ മൃതദേഹമോ, അപായപ്പെടുത്തിയതിന് സാക്ഷികളോ തുടങ്ങി കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴി മുട്ടി.

കാണാതായവരെകുറിച്ചുള്ള കേസുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് രാജേഷിന്റെ തിരോധനം വീണ്ടും അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയത്. വീടിനടുത്ത് നിന്ന് കണ്ടെത്തിയ മുടിയും രക്തവും രാജേഷിന്റെ തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കായംകുളം ഡിവൈഎസ്പിയ്ക്കാണ് അന്വേഷണചുമതല. ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്നു രാജേഷ്. മുൻവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. 60 വയസ്സുകഴിഞ്ഞ രാജേഷിന്റെ അമ്മ നീതിക്കായുള്ള പോരാട്ടം തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി