
കോതമംഗലം: കുട്ടമ്പുഴയിൽ നിന്ന് കോതമംഗലത്തേക്ക് ജോലിക്കായി സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കെഎസ്ഇബി ഓവർസിയർ ചിറങ്ങര സ്വദേശി ജിജോ കാട്ടാനയുടെ മുന്നിൽപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. തിങ്കളാഴ്ച രാത്രി 7.45ഓടെ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ മാവിൻചുവട് ഭാഗത്താണ് സംഭവം.
റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയെ കണ്ട് ജിജോ സ്കൂട്ടർ വെട്ടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആന ആക്രമണത്തിനൊരുങ്ങുന്നത് കണ്ടതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ജിജോ സുരക്ഷിതനായി മാറിയതോടെ ആന സ്കൂട്ടർ ചവിട്ടിത്തെറിപ്പിച്ച് നശിപ്പിച്ചു. സംഭവം കണ്ട സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആന വാച്ചർമാരായ ജോളി ഐസക്കും ഷിബുവും ഉടൻ സ്ഥലത്തെത്തി ഒച്ചവെച്ച് ആനയെ തുരത്തി. ഇവരുടെ സമയോചിത ഇടപെടലാണ് ജിജോയുടെ ജീവൻ രക്ഷിക്കാൻ സഹായമായത്.
മാവിൻചുവട് ഭാഗത്ത് ആനകളെ നിരീക്ഷിക്കാൻ മരത്തിന് മുകളിൽ ഏറുമാടം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നാണ് വാച്ചർമാർ ആനയെ തുരത്തിയത്. സ്വന്തം ജീവൻ പോലും പണയംവെച്ചായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. കഴിഞ്ഞ ദിവസം നാല് ആനകളെ പ്ലാന്റേഷൻ മേഖലയിൽ നിന്ന് പ്രത്യേക ഡ്രൈവിലൂടെ പെരിയാർ കടത്തി തട്ടേക്കാട് വനത്തിലേക്ക് തുരത്തിയിരുന്നു. അതിന് പിന്നാലെ പ്ലാന്റേഷനിൽ എത്തിയ മുറിവാലൻ കൊമ്പനാണ് സ്കൂട്ടർ യാത്രികന് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കോതമംഗലം റേഞ്ച് ഓഫീസർ ആർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കി. ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam