'വലിയൊരു അവസരമൊരുക്കണം', മന്ത്രിയുടെ പോസ്റ്റിലെ കമന്റിന് പിന്നാലെ യാസിനെ കാണാൻ രതീഷ് വേഗയെത്തി

By Web TeamFirst Published Jan 19, 2023, 8:35 AM IST
Highlights

കായംകുളം വൈകല്യങ്ങളെ അതിജീവിച്ച്  സ്വയം കീബോർഡ് പഠിച്ച് മനോഹരമായി വേദിയിൽ അവതരിപ്പിച്ച അഞ്ചാം ക്ലാസുകാരനായ യാസിൻ എന്ന അത്ഭുതബാലനെ കാണാനായി കഴിഞ്ഞ ദിവസം സംഗീതസംവിധായകൻ രതീഷ് വേഗയും  എത്തി. 

ആലപ്പുഴ: കായംകുളം വൈകല്യങ്ങളെ അതിജീവിച്ച്  സ്വയം കീബോർഡ് പഠിച്ച് മനോഹരമായി വേദിയിൽ അവതരിപ്പിച്ച അഞ്ചാം ക്ലാസുകാരനായ യാസിൻ എന്ന അത്ഭുതബാലനെ കാണാനായി കഴിഞ്ഞ ദിവസം സംഗീതസംവിധായകൻ രതീഷ് വേഗയും  എത്തി. 

10 വയസുകാരനായ മുഹമ്മദ് യാസീന് ജന്മനാ കൈകാലുകൾക്ക് പരിമിതിയുണ്ടെങ്കിലും കണ്ണുകെട്ടി കീബോർഡ് വായിക്കുമെന്ന് മാത്രമല്ല മനോഹരമായി നൃത്തവും ചെയ്യും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രയാർ കെഎൻഎം യുപി സ്കൂളിൽ പുതിയ കെട്ടിട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് യു പ്രതിഭ എംഎൽഎ യാസീനെ മന്ത്രിക്ക് പരിചയപ്പെടുത്തുന്നത്. മന്ത്രി ഫേസ്ബുക്ക് പേജിൽ മുഹമ്മദ് യാസീനെക്കുറിച്ച് കുറിപ്പും എഴുതി. 

രതീഷ് വേഗ മന്ത്രിയുടെ പോസ്റ്റിൽ ഇങ്ങനെ അടിക്കുറിപ്പ് എഴുതി. ‘വലിയ ഒരു അവസരം ഒരുക്കണം. ലോകം അറിയാൻ കഴിയണം കൂടെയുണ്ട് സർ’. കൊവിഡ് കാലത്ത് വാപ്പ വാങ്ങിക്കൊടുത്ത 250 രൂപയുടെ ചെറിയ കളിപ്പാട്ട പിയാനയിലൂടെയായിരുന്നു യാസിന്റെ പരിശീലനം. ഇപ്പോൾ ഏത് ഗാനങ്ങളും യാസീൻ കീബോർഡിൽ വായിക്കും. നിരവധി സ്റ്റേജ് പരിപാടികളും ചാനൽ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കണ്ണു കെട്ടി കീബോർഡിൽ ദേശീയഗാനവും ദേശീയഗീതവും ഏറ്റവും കുറഞ്ഞ സമയമായ രണ്ട് മിനിട്ട് 58 സെക്കൻഡിൽ വായിച്ചതിന് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോഡ് അംഗീകാരത്തിനായി യാസീൻ പരിഗണിക്കപ്പെട്ടിരിക്കുകയാണ്. 

പ്രയാർവടക്ക് എസ് എസ് മൻസിലിൽ ഷാനവാസ്- ഷൈല ദമ്പതികളുടെ മൂത്തമകനാണ് യാസീൻ. അനുജൻ അൽ അമീൻ മൂന്നിൽ പഠിക്കുന്നു. ഈ പ്രതിഭയെ ലോകത്തിന്റെ മുന്നിലെത്തിക്കാൻ എല്ലാ പരിശ്രമവും നടത്തുമെന്നും രതീഷ് വേഗ പറഞ്ഞു. യു പ്രതിഭ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

രതീഷ് വേഗയുടെ കുറിപ്പിങ്ങനെ...

യാസിൻ എന്ന മാലാഖ കുഞ്ഞിനെ കണ്ടു ഇന്ന് പ്രിയപ്പെട്ട കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭയുടെ കൂടെ.
കൈകാലുകൾ ഇല്ലാതെ എങ്ങനെ ആണ് ഒരു music instrument വായിക്കാൻ കഴിയുക.   കീബോർഡിൽ കണ്ണടച്ച് അവൻ വായിക്കുന്ന ദേശീയ ഗാനം കേട്ടാൽ കണ്ണ് നിറയും തീർച്ച.  പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സർ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് യാസിൻ എന്ന കുഞ്ഞിനെ അറിയാൻ കാരണം. കഴിവ് എന്നത് അംഗ വൈകല്യങ്ങൾക്കും അപ്പുറം ആണ് എന്ന് ഈ കുഞ്ഞിനെ കണ്ടാൽ ബോധ്യമാവും. നാളെ ലോകം ഈ കുഞ്ഞിനെ നെഞ്ചോടു ചേർക്കും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ.  നന്ദി പ്രിയപ്പെട്ട V Sivankutty Sir (Education Minister) കായംകുളം MLA U പ്രതിഭ ഹരി

click me!