ഒരാഴ്ചക്കുള്ളിൽ 3 പേരെ കൊള്ളയടിച്ചു; ഓരോ മോഷണത്തിനും 1000 രൂപ വീതം പ്രതിഫലം; പ്രതി പിടിയിൽ

By Web TeamFirst Published Jan 19, 2023, 8:16 AM IST
Highlights

 പ്രത്യേകിച്ച് ജോലിക്ക് ഒന്നും പോകാത്ത ഷാജിക്ക് ഓരോ മോഷണങ്ങൾക്കും ആയിരം രൂപ വീതം പ്രതിഫലം നൽകിയിരുന്നതായും ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിച്ച് പൊലീസിന് തലവേദനയുണ്ടാക്കി വിലസിയ രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരാഴ്ചക്കുള്ളിൽ വിഴിഞ്ഞം കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് സംഘം കൊള്ളയടിച്ചത്. കരിംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജി  (19) യെ യാണ് കാഞ്ഞിരംകുളം സി.ഐ. അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്ത്രപൂർവ്വം കുടുക്കിയത്. 

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്നു പോവുകയായിരുന്ന കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ കൈയ്യിലുണ്ടായിരുന്ന 2500 -ഓളം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ വയോധികനായ കരിച്ചൽ സ്വദേശി സാമുവൽ(82) നെയും വെള്ളിയാഴ്ച സമാനമായ രീതിയിൽ കൊള്ളയടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോധ (65) യെ കൊള്ളയടിച്ച സംഘം ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും ഒൻപതിനായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ പെഴ്സുമായി കടന്നു കളഞ്ഞു. 

സിസിടിവിക്ക് പോലും പിടി  കൊടുക്കാത്ത തരത്തിൽ വിജനമായ സ്ഥലങ്ങളിൽ നിന്ന് കൊള്ള നടത്തുന്ന സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് ഇതോടെ കൂടുതൽ ഊർജിതമാക്കി. ഇതിനോടകം നിരവധി കാമറദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കിയെങ്കിലും വിഴിഞ്ഞം പൊലീസിന് പ്രതികളെക്കുറിച്ച് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല.

എന്നാൽ കാഞ്ഞിരംകുളം പൊലീസ് നടത്തിയ തിരച്ചിലിൽ സംശയകരമായിക്കണ്ട പ്രതികളെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞത് വഴിത്തിരിവായി. തുടർന്ന് ഷാജിയെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രത്യേകിച്ച് ജോലിക്ക് ഒന്നും പോകാത്ത ഷാജിക്ക് ഓരോ മോഷണങ്ങൾക്കും ആയിരം രൂപ വീതം പ്രതിഫലം നൽകിയിരുന്നതായും ഒന്നാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

പരിശോധനക്കിടയിലും കൂസലില്ലാതെ ഉടമകള്‍; വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

 

click me!