
കോഴിക്കോട്: എൻഎസ്എസ്സുമായി യുഡിഎഫിന് പ്രശ്നങ്ങളില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി എം എ സലാം. ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിച്ചപ്പോൾ എൻ എസ്.എസ് പങ്കെടുത്തെന്നു മാത്രം. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി എം എ സലാം വ്യക്തമാക്കി. എൻഎസ്എസ്സുമായി സൗഹൃദം എപ്പോഴുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകോപനത്തിന് പാർലമെൻ്ററി കമ്മിറ്റികൾക്ക് ചുമതല നൽകി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. യു.ഡി.എഫിന് എറ്റവും അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
അതേ സമയം, എൻഎസ്എസിനെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ് ശ്രമം. അനുനയ നീക്കങ്ങൾക്ക് എഐസിസി നേതൃത്വം ഇടപെടും. ദേശീയ നേതാക്കൾ കൂട്ടിക്കാഴ്ച്ച നടത്തും. എൻഎസ്എസിനെ കൂടെ നിർത്തി നീങ്ങണമെന്ന് എഐസിസി. അതേ സമയം, ശബരിമല വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുകയാണ്. പത്തനംതിട്ട കുമ്പഴ തുണ്ടുമൺകരയിൽ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.