
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് ലക്ഷങ്ങൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഹോട്ടലിലെ ബാർ ജീവനക്കാരനായ തൊഴിലാളി സൽമാൻ മുണ്ടയെ (25) ആണ് പശ്ചിമ ബംഗാളിൽ നിന്ന് കഠിനംകുളം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 2.3 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പുലർച്ചെ സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന ബാറിന്റെ താക്കോൽ രഹസ്യമായി കൈക്കലാക്കിയശേഷം, ബാറിനുള്ളിൽ കയറി പണം മോഷ്ടിക്കുകയായിരുന്നു.
കവർച്ചയ്ക്ക് ശേഷം മുങ്ങിയ പ്രതിയെ അന്വേഷണസംഘം പശ്ചിമ ബംഗാളിലെത്തി അവിടെയുള്ള പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പോകുന്നതിന് മുമ്പ് ഇയാൾ ഇൻസ്റ്റാഗ്രാമിൽ ഇട്ട റീലും തുമ്പായി. പിന്നിട് ഇയാളുടെ ഫോൺ ഓഫായെങ്കിലും ബന്ധപ്പെടുന്ന നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒരാഴ്ച്ചയോളം ബംഗാളിൽ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.