
മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നു. മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിക്കു പുറമേ വകുപ്പു മന്ത്രിമാരേയും നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം.
നേരത്തെ പ്രഖ്യാപിച്ച ബജറ്റ് വിഹിതം പൂര്‍ണ്ണമായും അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണം മൂലം പാസാക്കി നല്‍കാതിരിക്കുകയും ചെയ്യുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്. പ്രാദേശിക റോഡ് വികസനമടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വികസന ക്ഷേമ പദ്ധതികളൊക്കെ ഫണ്ട് ക്ഷാമം മൂലം ഒഴിവാക്കേണ്ട അവസ്ഥയിലാണെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് എം എല്‍ എമാരുടെ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്.
പ്ലസ് ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. സീറ്റ് വര്‍ധന പ്രശ്നപരിഹാരമല്ലെന്നും ബാച്ചുകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ലീഗ് ആവശ്യപ്പെടുന്നു. ഇക്കാര്യവും മുഖ്യമന്ത്രിക്കു മുമ്പാകെ ഉന്നയിക്കും. മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്നപരിഹാരം കണ്ടെത്തണമെന്നുള്ള ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. മുഖ്യമന്ത്രിക്കു പുറമേ ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരേയും എം എൽ എമാരുടെ സംഘം കാണും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam