ഇടമലക്കുടിയുടെ ഭാഷാ പ്രതിസന്ധിക്ക് പരിഹാരം; 2500ഓളം വാക്കുകളുടെ തര്‍ജ്ജിമയുമായി മുതുവാന്‍ ഭാഷാ നിഘണ്ടു

By Web TeamFirst Published Feb 21, 2020, 1:09 PM IST
Highlights

ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിന് കരുത്ത് പകരാന്‍ 2500ഓളം വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് മലയാളം മുതുവന്‍ ഭാഷാ നിഘണ്ടു. 

ഇടുക്കി: ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിനും വികസനത്തിനും കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് ഇടമലക്കുടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളം മുതുവാന്‍ ഭാഷ നിഘണ്ടു പുറത്തിറക്കി.മുതുവാന്‍ ജനത ഉപയോഗിക്കുന്ന 2500ഓളം വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്താണ് നിഘണ്ടുവിന് രൂപം നല്‍കിയിട്ടുള്ളത്.ഏറെ കാലങ്ങളായി ഭാഷയില്‍ തട്ടി ഇടമലക്കുടിയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസപരമായ പ്രതിസന്ധിയെ പൂര്‍ണ്ണമായി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയും അധ്യാപകനുമായ സുധീഷ് വിയുടെ നേതൃത്വത്തില്‍ നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്.

ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി കെ മിനി മൂന്നാര്‍ ഉപജില്ലാ എ ഇ ഒ മഞ്ജുളാ ദേവിക്ക് ആദ്യപ്രതി നല്‍കി നിഘണ്ടുവിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.ഇടമലക്കുടിയുടെ വിദ്യാഭ്യാസ രംഗത്തെ ഏക ആശ്രയമാണ് ഇടമലക്കുടി സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി സ്‌കൂള്‍.എന്നാല്‍ ഗോത്രമേഖലയിലെ ഭാഷയുള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യം ഭയന്ന് അധ്യാപകര്‍ മുന്‍ കാലങ്ങളില്‍ ഇവിടെ ജോലിക്കെത്താന്‍ മടിച്ചിരുന്നു.നിയമിതരാകുന്നവര്‍ അവധിയില്‍ പ്രവേശിക്കുകയോ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറ്റം വാങ്ങി പോവുകയോ ചെയ്തിരുന്നു.ഗോത്രനിവാസികളായ കുട്ടികളുമായുള്ള ആശയ വിനിമയത്തിലെ വിടവായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്ന പ്രധാനകാരണങ്ങളില്‍ ഒന്ന്.മാതൃഭാഷ മലയാളമാണെങ്കിലും മുതുവാന്‍ സമുദായക്കാരായ കുട്ടികള്‍ വിദ്യാലയത്തില്‍ എത്തുമ്പോള്‍ മാത്രമേ മലയാള അക്ഷരങ്ങള്‍ കേട്ട് തുടങ്ങുകയുള്ളു.കുട്ടികള്‍ പറയുന്നത് അധ്യാപകര്‍ക്കോ അധ്യാപകര്‍ പറയുന്നത് കുട്ടികള്‍ക്കോ മനസ്സിലാകാതെ വന്നു.

സ്‌കൂളില്‍ വരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു.കൊഴിഞ്ഞ് പോക്കിന്റെ പ്രശ്‌നം മനസ്സിലാക്കിയ വിദ്യാഭ്യാസ വകുപ്പ് 2018-19 അധ്യായന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലെ പാഠപുസ്തകം പൂര്‍ണ്ണമായി ഗോത്രഭാഷയിലേക്ക് മാറ്റി ഇടമലക്കുടി ഗോത്രപാഠാവലി പുറത്തിറക്കി.ഇതിന്റെ ചുവട് പിടിച്ചാണ് മുതുവാന്‍ ഭാഷയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന മുതുവാന്‍ ഭാഷ നിഘണ്ടുവിലേക്ക് ഇപ്പോള്‍ എത്തിയിട്ടുള്ളത്.വരും നാളുകളില്‍ ഇടമലക്കുടിയില്‍ നിയമിതരാകുന്ന അധ്യാപകര്‍ക്കും വിദ്യാലയത്തില്‍ അറിവിന്റെ അക്ഷര വെളിച്ചം തേടിയെത്തുന്ന കുട്ടികള്‍ക്കും മലയാളം മുതുവാന്‍ ഭാഷ നിഘണ്ടു മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. 

click me!