
കണ്ണൂര്‍: കലാപ സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്ന് കേരളത്തില്‍ പഠനത്തിന് എത്തിയ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തളിപ്പറമ്പ കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്സ് ചെയ്യുന്ന അലിയാന, ലില്ലി എന്നിവരെ കുറിച്ചാണ് എംവി ഗോവിന്ദന്‍ പറയുന്നത്. കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട തങ്ങളെ ചേര്‍ത്തു പിടിച്ച കേരളത്തിന്റെ സ്നേഹത്തിന് മുന്നില്‍ വാക്കുകളില്ലെന്നാണ് ഇരുവരും പറഞ്ഞതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ആ വാക്കുകള്‍ കേരളത്തിന്റെ മനുഷ്യപക്ഷ നിലപാടുകള്‍ക്കുള്ള അതിരുകളില്ലാത്ത അംഗീകാരമായാണ് തോന്നിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.
എംവി ഗോവിന്ദന്റെ കുറിപ്പ്: ''കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട ഞങ്ങളെ ചേര്‍ത്തുപിടിച്ച കേരളത്തിന്റെ സ്നേഹത്തിന് മുന്നില്‍ വാക്കുകളില്ലെന്ന്' അലിയാനയും ലില്ലിയും പറയുമ്പോള്‍ അത് നമ്മുടെ മനുഷ്യപക്ഷ നിലപാടുകള്‍ക്കുള്ള അതിരുകളില്ലാത്ത അംഗീകാരമായാണ് തോന്നിയത്. മണിപ്പുര്‍ കലാപത്തെതുടര്‍ന്ന് പഠനം നിലച്ചുപോകുന്ന സാഹചര്യത്തിലാണ് തളിപ്പറമ്പ് കരിമ്പത്തെ കില ക്യാമ്പസിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസില്‍ ഇരുവര്‍ക്കും എംഎ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്‌മെന്റ് കോഴ്സില്‍ പ്രവേശനം നല്‍കിയത്. മണിപ്പുര്‍ സേനാപതി ജില്ലയില്‍നിന്നുമാണ് അലിയാന വരുന്നത്. സോങ്പി ഗ്രാമത്തിലാണ് ലില്ലി. വിദ്യാര്‍ഥികളുടെ ഫീസ് കില പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പഠനവും താമസവും സൗജന്യമായിരിക്കും. മാനവിക മൂല്യങ്ങള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുവാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. പ്രതിസന്ധി ഘട്ടത്തില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊള്ളാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം.''
മണിപ്പൂരിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ നിരവധി വിദ്യാര്‍ഥികളാണ് പഠനത്തിനായി കേരളത്തില്‍ എത്തുന്നത്.
വരാനിരിക്കുന്നത് വില കുറഞ്ഞ എസ്‌യുവികളും എംപിവികളും, ഇന്ത്യൻ വാഹനലോകത്ത് വിപ്ലവം!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam