ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠനം; എംവിഡി പൊക്കി, കിട്ടിയത് എട്ടിന്‍റെ പണി, 10,000 രൂപ പിഴ

By Web TeamFirst Published Jun 7, 2023, 12:14 AM IST
Highlights

ലേണിംഗ് ലൈസൻസ് പോലും എടുക്കാതെയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമക്ക് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു

മലപ്പുറം: ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി.  മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കൈയ്യോടെ പൊക്കി വൻ തുക പിഴ ചുമത്തി.എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിംഗ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ലേണിംഗ് ലൈസൻസ് പോലും എടുക്കാതെയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമക്ക് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് ചെയ്ത രണ്ട് പേർക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും, ഇരുചക്ര വാഹനത്തിൽ മൂന്ന് പേരെ കയറ്റിയ ഒരാൾക്കെതിരെയും കേസെടുത്തു.

ഇതിന് പുറമെ സ്കൂളവധിക്ക് രണ്ടുമാസം സമയം കിട്ടിയിട്ടും തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ വാഹനങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ്  കർശന നടപടിയെടുത്തു.  വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്കൂൾ ബസ്സുകളിൽ മിന്നൽ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആറ് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. സ്കൂളുകളിൽ നേരിട്ട് എത്തി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ക്ക് പിടി വീണത്.

എൻഫോഴ്സ്മെന്റ് എം വി ഐ ടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും, ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറ് സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എം വി ഐ ടി അനൂപ് മോഹൻ, എ എം വി ഐ മാരായ വി രാജേഷ്, പി കെ മനോഹരൻ, എം സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളുകളിലെത്തി പരിശോധന നടത്തിയത്.

Read More : 'പായസത്തിന് രുചി പോര, ചോറ് തീരും മുമ്പ് വിളമ്പി'; വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം എറിഞ്ഞു, കൂട്ടത്തല്ല്

Read More : 'മൂന്ന് മാസമായി ഒരുമിച്ച് കൊച്ചിയിലെ ഹോട്ടലുകളിൽ'; ലിൻസിയെ കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കം

 

tags
click me!