
മലപ്പുറം: തലയിൽ ഹെൽമെറ്റുണ്ടായിട്ടും റോഡരികിൽ ഉദ്യോഗസ്ഥന്റെ സ്റ്റോപ്പ് സിഗ്നൽ. നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് വാഹനം നിർത്തിയപ്പോഴാണ് ആശ്വാസമായത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു.
മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് യാത്രക്കാർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.
കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നൽകിയ ഹെൽമറ്റ് വിതരണത്തിന് ജോയിന്റ് ആർടിഒ എം അൻവർ, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആർ റഫീഖ്, വാഴയൂർ രമേശൻ എന്നിവർ നേതൃത്വം നൽകി.
അതേസമയം, വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ 'വിവ കേരളം' കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത്. വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്നാണ് വിവ കൊണ്ട് അർത്ഥമാക്കുന്നത്.
മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനം നടത്തി ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായ മൈലപ്രയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam