
തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നാസിഫ് (26), തിരുവനന്തപുരം ആനയറ സ്വദേശികളായ നിഖിൽ ലാൽ (33), രാഹുൽ (29) എന്നിവരെയാണ് അമരവിള ചെക് പോസ്റ്റിൽ പിടികൂടിയത്. ഇവർ ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ആഡംബര ബസിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിപ്പുള്ള 60 ഗ്രാം എംഡിഎംഎ ആണ് അമരവിളയിൽ എക്സൈസ് സംഘം പിടികൂടിയത്.
ആനയറ സ്വദേശികളായ നിഖിൽ ലാലും രാഹുലും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളിൽ പൊലീസും എക്സൈസും തിരയുന്ന പ്രതികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ അമരവിള ചെക് പോസ്റ്റിൽ എംഡിഎംഎ പിടികൂടിയതായി എക്സൈസ് അറിയിച്ചു.
പ്രതിയാകുന്നതിൽ കുടുതലും വിദ്യാർത്ഥികൾ ആണെന്നും എക്സൈസ് പറയുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന ലഹരി വസ്തുക്കൾ സ്കൂളുകൾ കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ആണെന്നും എക്സെസ് സംഘം പറഞ്ഞു.
അതേസമയം, വയനാട്ടിൽ നിരവധി കഞ്ചാവ് വില്‍പ്പന കേസുകളില്‍ പ്രതിയായ അമ്പത്തിരണ്ടുകാരന്‍ ഒടുവില്‍ അഴിക്കുള്ളിലായി. ചെറുതും വലുതുമായ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അപ്പാട് മൈലമ്പാടി പാറക്കല്‍ വീട്ടില്‍ മനോജിനെയാണ് കല്‍പ്പറ്റ എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി രണ്ട് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും. 2016-ല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം സുരേന്ദ്രനും സംഘവും ചേര്‍ന്ന് വലിയ അളവില്‍ കഞ്ചാവ് പിടികൂടിയ കേസിലാണ് വിധി വന്നിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...