
എറണാകുളം: സൗഹൃദത്തിൻ്റെ പുതിയ നിർവചനങ്ങൾ നൽകുന്ന പുതുതലമുറയുടെ ഒരു തര്‍ക്കവിഷയം ഒടുവിൽ പൊലീസ് ഇടപെടൽ വരെ നീണ്ടു. 'ബെസ്റ്റി'യെ ചൊല്ലിയായിരുന്നു എറണാകുളത്തെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലടിച്ചത്. വെറും തർക്കമായിരുന്നില്ല, സിനിമാ സ്റ്റൈലിലുള്ള മുട്ടനിടി ആയിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു.
ബെസ്റ്റിയായിരുന്നു ഇടിയുടെ കാരണക്കാരി. ബെസ്റ്റിയായ പെൺകുട്ടിയോട് മറ്റൊരാൾ സംസാരിച്ചത് ഒരാൾക്ക് ഇഷ്ടപ്പെടാതെ വന്നതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇരുവരും തല്ലിത്തീർക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയുടെ 'റീൽ' എടുക്കാനായി സഹപാഠികളെ മൊബൈൽ ഫോണും ഏൽപ്പിച്ചായിരുന്നു ഇവർ 'തല്ലുമാല' തുടങ്ങിയത്. കൂട്ടുകാർ ചുറ്റും നിന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അടിയുടെ ആക്കം കൂടിയപ്പോൾ ഒരാൾക്ക് പരിക്ക് പറ്റുമെന്ന് ഭയന്ന ആരോ ഒരാൾ ഒടുവിൽ പിടിച്ചുമാറ്റുന്നത് വരെ അടി തുടർന്നു.
വിദ്യാർത്ഥികളുടെ ഈ സംഘട്ടനത്തിൻ്റെ ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇടികാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെന്ന പരിഗണന നൽകി ഇരുവർക്കും താക്കീത് നൽകി വിട്ടയച്ചു. പുതുതലമുറയുടെ സൗഹൃദ സങ്കൽപ്പത്തിൽ 'ബെസ്റ്റി' എന്നതിനെ, വെറും കൂട്ടുകാരനേക്കാൾ ഏറെ മുകളിൽ എന്നാൽ പ്രേമഭാജനത്തിന് തൊട്ടടുത്ത് നിൽക്കുന്ന ഒരു ബന്ധമെന്നാണ് നിർവചനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam