രക്ഷാപ്രവർത്തനം നടത്തി ബസ് കട്ടപ്പുറത്തായി; റിപ്പയറിംഗിന് പണം നല്‍കി "നമ്മുടെ ഇരിങ്ങാലക്കുട "

By Web TeamFirst Published Sep 23, 2018, 10:10 AM IST
Highlights

പ്രളയ ദുരന്തത്തിൽ ഒരു നാടിനെ രക്ഷിക്കാൻ  സ്വന്തം ഉപജീവനമാർഗ്ഗമായ 'ഘണ്ഠാകർണ്ണൻ' ബസ് രംഗത്തിറക്കിയ ഗോപകുമാറിന് അവസാനം ലഭിച്ചത് വർക്ക്ഷോപ്പിൽ നിന്നുള്ള 18,000 രൂപയുടെ ബില്ലാണ്. ഗോപകുമാർ  ലോണെടുത്ത് വാങ്ങിയ ബസ്സായിരുന്നു ഇത്.

തൃശൂർ: പ്രളയ ദുരന്തത്തിൽ പടിയൂർ, എടതിരിഞ്ഞി മേഖലയിൽ രക്ഷാപ്രവർത്തനം നടത്തി  തകരാറിലായ ആമ്പല്ലുർ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന 'ഘണ്ഠാകർണ്ണൻ' ബസ് ഉടമയ്ക്ക്  "നമ്മുടെ ഇരിങ്ങാലക്കുട " കൂട്ടായ്മ റിപ്പയറിങ്ങിന് ആവശ്യമായ തുക കൈമാറി. പ്രളയ ദുരന്തത്തിൽ ഒരു നാടിനെ രക്ഷിക്കാൻ  സ്വന്തം ഉപജീവനമാർഗ്ഗമായ 'ഘണ്ഠാകർണ്ണൻ' ബസ് രംഗത്തിറക്കിയ ഗോപകുമാറിന് അവസാനം ലഭിച്ചത് വർക്ക്ഷോപ്പിൽ നിന്നുള്ള 18,000 രൂപയുടെ ബില്ലാണ്.

ഗോപകുമാർ  ലോണെടുത്ത് വാങ്ങിയ ബസ്സായിരുന്നു ഇത്.  ദിവസങ്ങളോളം ട്രിപ്പ് മുടങ്ങിയത് മൂലം വളരെ ബുദ്ധിമുട്ടിലായ ബസ് ഉടമയുടെ  നിസ്സാഹായവസ്ഥ അറിഞ്ഞ "നമ്മുടെ ഇരിങ്ങാലക്കുട " കൂട്ടായ്മ ഈ വിവരം ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും, തുടർന്ന് പോസ്റ്റ് വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ വർക്ക്ഷോപ്പിൽ കൊടുക്കേണ്ട 18,000 രൂപ നല്ലവരായ സുമനസ്സുകളുടെ  സഹായത്തോടെ  പിരിഞ്ഞുകിട്ടുകയും ചെയ്തു.

പടിയൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുതന്റെ സാന്നിദ്ധ്യത്തിൽ  നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ പ്രവർത്തകർ പടിയൂർ സ്വദേശിയായ ബസ് ഉടമ കാരണത്ത് വീട്ടിൽ ഗോപകുമാറിന്  കൈമാറി. ജീസ് ലാസർ, വിനു ആന്റണി, പ്രിജോ റോബർട്ട്, ടെറ്റി ജോർജ്, സനിൽ ലാൽ, ഭക്തവത്സലൻ എന്നിവരും പങ്കാളികളായി.

click me!