
തൃശൂര്‍: ദേശീയപാതയില്‍ കുഴല്‍പ്പണകടത്തു സംഘത്തെ ആക്രമിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് നൂറണി പുളക്കാട് സ്വദേശി എ.അജ്മല്‍ (31), കൊല്ലങ്കോട് എലവഞ്ചേരി കരിങ്കുളം അജിത്ത് (29) എന്നിവരെയാണു വാളയാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചാലക്കുടിയില്‍നിന്നും പിടികൂടിയത്. കേസില്‍ കഞ്ചിക്കോട് പനങ്കാട് സ്വദേശി ഷൈജുവിനെ നേരത്തെ പിടികൂടിയിരുന്നു.
സെപ്റ്റംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരില്‍ നിന്നും രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 89 ലക്ഷം തട്ടിയെടുക്കാനായി ദേശീയപാതയില്‍ പുതുശേരി പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തുള്ള സിഗ്നലില്‍ രണ്ടുകാറുകളിലായെത്തിയ ഏഴംഗ സംഘം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ നിന്നും വെട്ടിച്ച് രക്ഷപ്പെട്ടവരെ ടൗണ്‍ സൗത്ത് പൊലീസ് നഗരത്തില്‍ വച്ച് പിടികൂടി. ഇതോടെയാണ് ആക്രമണശ്രമവും പുറത്തുവന്നത്.
അറസ്റ്റിലായ അജിത്ത് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ ജെ. ജെയ്‌സണ്‍, സീനിയര്‍ സി.പി.ഒമാരായ എ. സുഭാഷ്, ആര്‍. രാഹുല്‍, സി.പി.ഒ എ. രഘു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ ബാക്കിയുള്ള പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam