അന്തിയുറങ്ങാന്‍ സ്വന്തമായി വീടില്ല; ബന്ധുവീട്ടില്‍ അഭയം തേടി ദേശീയ കായികതാരവും അമ്മയും

Published : Aug 06, 2021, 07:51 PM ISTUpdated : Aug 06, 2021, 08:02 PM IST
അന്തിയുറങ്ങാന്‍ സ്വന്തമായി വീടില്ല; ബന്ധുവീട്ടില്‍ അഭയം തേടി ദേശീയ കായികതാരവും അമ്മയും

Synopsis

സർവകലാശാലയുടെ സംസ്ഥാന തല മത്സരങ്ങളിൽ 53 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി മൂന്നു വർഷം ഒന്നാംസ്ഥാനം നേടി ദേശീയ മത്സരങ്ങളിലും പങ്കെടുത്ത കൃഷ്മപ്രിയയും അമ്മയും ഇപ്പോള്‍ തല ചായ്ക്കാനിടമില്ലാതെ ബന്ധുവിന്‍റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.

ഹരിപ്പാട്: സ്വന്തമായി വീടില്ലാത്തതിനാൽ ബന്ധു വീട്ടില്‍ അഭയം തേടി ദേശീയ കായികതാരവും അമ്മയും. കേരള സർവകലാശാലയുടെ ഗുസ്തി മത്സരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി മൂന്നുതവണ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ പങ്കെടുക്കുകയും ചെയ്ത താരം മുതുകുളം മംഗലത്ത് തറയിൽ വീട്ടിൽ  കൃഷ്ണപ്രിയയും അമ്മ ലതയുമാണ് തലചായ്ക്കാന്‍ ഇടമില്ലാത്തതിനാല്‍  ബന്ധുവിന്റെ ജീർണാവസ്ഥയിലുള്ള വീട്ടിൽ കഴിയുന്നത്. 

പതിനാല് വർഷം മുമ്പ് അച്ഛൻ രഘു കൃഷ്ണപ്രിയയെയും അമ്മയെയും ഉപേക്ഷിച്ചുപോയി. അച്ഛൻ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നെങ്കിലും കണ്ണൂരിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കഴിഞ്ഞയാഴ്ച കുടുംബത്തെ തേടിയെത്തി. കോട്ടയം സെന്റ് മേഴ്സിലിനസ് സ്കൂളിലായിരുന്നു കൃഷ്ണപ്രിയയുടെ പഠനം. ഈ സമയത്ത് കായികാധ്യാപകനായ ജോസിയുടെ ഇടപെടലിലാണ് ഗുസ്തി പരിശീലനം ആരംഭിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൃഷ്ണപ്രിയ ഗുസ്തി പരിശീലിക്കാൻ തുടങ്ങുന്നത്. 

കോഴിക്കോട് നടന്ന ആദ്യ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. ഏഴാം ക്ലാസ് മുതലാണ് റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. പിന്നീട് തിരുവനന്തപുരം സായി സ്കൂളിൽ പ്രവേശനം നേടി. കായിക അധ്യാപകനായിരുന്ന മനോജാണ് കൃഷ്ണപ്രിയയെ ദേശീയ താരമായി വളർത്തിയെടുത്തത്. 2014 ൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 46 കിലോഗ്രാം വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ അഞ്ചാം സ്ഥാനവും നേടിയത്. ഹയർസെക്കൻഡറി തലത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗുസ്തിക്ക് സ്വന്തമായി ടീമുള്ള ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജാണ് ബിരുദ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുത്തത്. 

തുടർന്ന് സർവകലാശാലയുടെ സംസ്ഥാന തല മത്സരങ്ങളിൽ 53 കിലോഗ്രാം വിഭാഗത്തിൽ തുടർച്ചയായി മൂന്നു വർഷം ഒന്നാംസ്ഥാനം നേടി ദേശീയ മത്സരങ്ങളിലും പങ്കെടുത്തു. റസ്ലിങ് ഫെഡറേഷന്റെ മത്സരങ്ങളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതിനൊപ്പം തന്നെ പരീക്ഷകളിൽ മികച്ച വിജയവും നേടി. 10, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ 80 ശതമാനത്തോളം മാർക്ക് വാങ്ങിയാണ് വിജയിച്ചത്. വിജയങ്ങൾക്കിടയിലും തനിക്കും അമ്മയ്ക്കും കയറിക്കിടക്കാൻ വീട് പോലുമില്ലെന്ന കാര്യം കൃഷ്ണപ്രിയയെ അലട്ടിയിരുന്നു. 

സ്കൂൾ വിദ്യാഭ്യാസകാലം മുതൽ ഹോസ്റ്റലിൽനിന്ന് പഠിച്ചതിനാൽ വീട്ടിലെത്തുന്നത് അപൂർവമായിരുന്നു. അമ്മ ലത എറണാകുളത്ത് സ്വകാര്യ സ്കൂളിൽ ജീവനക്കാരിയായതിനാൽ ഇവരും നാട്ടിലേക്ക് വല്ലപ്പോഴും മാത്രമായിരുന്നു എത്തിയിരുന്നത്. സ്വന്തമായി വീട് ഇല്ലാത്തതിനാലാണ് നാട്ടിലേക്കുള്ള വരവ് പരമാവധി ഒഴിവാക്കുന്നതെന്ന് അമ്മയ്ക്കും മകൾക്കും മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സ്കൂളും കോളജും അടച്ചതോടെ ഇരുവർക്കും വീട്ടിൽ സ്ഥിരമായി നിൽക്കേണ്ട സാഹചര്യമുണ്ടായി. 

ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നും ഉടമസ്ഥർ പറയുമ്പോൾ ഇറങ്ങേണ്ടി വരും. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ സർക്കാരിൽനിന്നും വീട് ലഭിക്കാൻ തടസങ്ങളുണ്ടായി. സമീപത്തെ വീടുകളിൽ കുട്ടികൾക്ക് കൃഷ്ണപ്രിയ ട്യൂഷനെടുത്ത് ലഭിക്കുന്ന വരുമാനം മാത്രമാണ് ഇപ്പോഴത്തെ ആശ്രയം. ദുരിതങ്ങൾക്കിടയിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കണമെന്നും ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പരിശീലനം തുടരണമെന്നും വെയിലും മഴയുമേൽക്കാതെ അമ്മയ്ക്ക് തല ചായ്ക്കാൻ ചെറിയ വീട് വേണമെന്നതുമാണ് ഈ ദേശീയതാരത്തിന്റെ ആഗ്രഹം. ഫോൺ: 9747391677.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ