
മലപ്പുറം: നിലമ്പൂർ അരുവാക്കോട്, കോടതിപ്പടി, എൽ.ഐ.സി റോഡി എന്നിവിടങ്ങളിൽ കറങ്ങി നടക്കുന്ന ഒരു കുരങ്ങനുണ്ട്. വാഹനങ്ങളുടെ സൈഡ് മിററിനോട് എന്തോ ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്ന വിരുതൻ. നിർത്തിയിട്ടിരിക്കുന്ന വാഹനം കണ്ടാൽ ആദ്യം സൈഡ് മിററിൽ നോക്കി മുഖ സൗന്ദര്യം ഒന്ന് ആസ്വദിക്കും. പിന്നാലെ മിററും തകർത്തുകൊണ്ട് ഓടി മറയും. ചില്ലറക്കാരനല്ല ഇവൻ, ഒരു മാസം കൊണ്ട് തകർത്തത് നൂറോളം വാഹനങ്ങളുടെ സൈഡ് മിററുകളാണ്. വ്യവസായിയുടെ ആഡംബര കാറിന്റെ 25,000 രൂപ വിലയുള്ള മിററും ഈ വിരുതൻ അടിച്ചുമാറ്റിയവയിൽപ്പെടും.
സംഭവം ഇവിടെ നിൽക്കുന്നില്ല, കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷന്റെ വാഹനത്തിന്റെ രണ്ട് മിററും ഇവൻ അടിച്ചുമാറ്റി. പുതിയത് വാങ്ങാൻ കടയിൽ പോയപ്പോൾ കടക്കാരൻ 'അരുവാക്കാട് ഭാഗത്ത് നിന്നല്ലേ' വരുന്നതെന്നും ചോദിച്ചുവത്രെ. നിരവധി പേരാണ് വാഹനത്തിന്റെ മിറർ മാറ്റാൻ വരുന്നതെന്നും കടക്കാരൻ പറഞ്ഞുവെന്നും ഓഫീസ് അഡ്മിനിട്രേറ്റർ റെജി മണിച്ചേരി പറഞ്ഞു. ഇതോടെയാണ് ശല്യക്കാരനെ കുടുക്കാൻ വനംവകുപ്പിന് പരാതി നൽകിയത്.
ഒരാഴ്ച മുമ്പാണ് ദ്രുതപ്രതികരണ സേന ഗോസ്പൽ മിഷന്റെ പരിസരത്ത് കൂടുവെച്ചത്. ഇഷ്ട ഭക്ഷണങ്ങളും വെച്ചിട്ടും കുരങ്ങ് ആദ്യം കുടുങ്ങിയില്ല. എന്നാൽ ഇന്നലെ രാവിലെ ഒമ്പതോടെ കുടുങ്ങി. പക്ഷെ വിരുതന്റെ ഇണയായ പെൺകുരങ്ങാണെന്ന് മാത്രം. ഇണയ്ക്ക് കാവലായി വിരുതൻ കുരങ്ങും നിലയുറപ്പിച്ചതോടെ ആദ്യം വനപാലകർക്കും അടുക്കാൻ സാധിച്ചില്ല. വൈകുന്നേരത്തോടെ കുടിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെ കെണിയിൽപ്പെട്ട കുരങ്ങ് ഓടി രക്ഷപ്പെടുകയും ചെയ്തു. വിരുതൽ കൂടുതൽ നാശം വരുത്തുമോ എന്ന പേടിയിലാണ് ഇപ്പോൾ നാട്ടുകാർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam