Asianet News MalayalamAsianet News Malayalam

'മകളെ പെണ്ണ് കാണാൻ വന്നതാ, കുറച്ച് വെള്ളം തരുമോ'; വീട്ടിലെത്തിയ യുവാവ് മാലപൊട്ടിച്ച് ഓടി, പിടികൂടി നാട്ടുകാർ

വയോധികയുടെ കൈയിൽനിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നതിനിടെ അഷ്‌റഫ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

youth arrested for chain snatching in malappuram tirur vkv
Author
First Published Aug 23, 2023, 12:06 PM IST

മലപ്പുറം: തിരൂരിൽ പെണ്ണ് കാണാനെന്ന വ്യാജേനയെത്തി വയോധികയുടെ രണ്ട് പവന്‍റെ സ്വർണമാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ. പട്ടരുപറമ്പ് കാളാട് സ്വദേശി ചെമപ്പത്തോടുവിൽ അഷ്‌റഫിനെയാണ് (49) നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയത്. ഇയാളെ തിരൂർ പൊലീസിലേൽപിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വെട്ടം പച്ചാട്ടിരി കോട്ടേക്കാട് സ്വദേശിനി ചാലക്കപ്പറമ്പിൽ സരസ്വതിയുടെ വീട്ടിലാണ് സംഭവം. മകളെ പെണ്ണുകാണെനെത്തിയതെന്ന വ്യാജേനയാണ് അഷ്‌റഫ് വീട്ടിലെത്തിയത്.

'മകളെ പെണ്ണ് കാണാൻ വന്നതാണെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറഞ്ഞ് ഇയാൾ വീട്ടിനുള്ളിലേക്ക് കയറി. വയോധിക അകത്ത് പോയി വെള്ളവുമായി എത്തി. വയോധികയുടെ കൈയിൽനിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നതിനിടെ അഷ്‌റഫ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. വയോധിക ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു.

തിരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ഇതിനുമുമ്പ് ഇയാൾ സുഹൃത്തിനായി പെണ്ണ് കാണാനെ ത്തിയിരുന്നു. വീട്ടിൽ വയോധിക തനിച്ചാണെന്ന് മനസ്സിലാക്കിയാണ് ഇയാൾ വീണ്ടും വന്നതെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ വന്ന ഇരുചക്ര വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതി നേരത്തെയും മോഷണം നടത്തിയിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Read More : 'പലയിടത്തും കണ്ടു, മറ്റൊരാൾക്കൊപ്പം പോയി', അന്വേഷണം വഴിമാറ്റാനും വിഷ്ണു ശ്രമിച്ചു, കൊല സുജിതയെ ഒഴിവാക്കാൻ 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

Follow Us:
Download App:
  • android
  • ios