ഉടവാൾ കൈമാറി, പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് തുടക്കമായി; ഘോഷയാത്ര നാളെ കേരളത്തിൽ പ്രവേശിക്കും

Published : Oct 09, 2026, 03:18 PM IST
Navaratri Procession Trivandrum  2026

Synopsis

തമിഴ്നാട്ടിലെ പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എഴുന്നള്ളത്ത് എത്തിച്ചേരും.

തിരുവനന്തപുരം: നവരാത്രി പൂജയുമായി ബന്ധപ്പെട്ട് പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കം. ചടങ്ങുകൾ‌ക്ക് മുന്നോടിയായുള്ള ചരിത്രപ്രസിദ്ധമായ ഉടവാൾ കൈമാറ്റം രാവിലെ നടന്നു. പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്‍റെ ഉടവാൾ, കൊട്ടാരം ഓഫീസർ കെ പി സധുവിൽ നിന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഏറ്റുവാങ്ങി. തുടർന്ന് തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ്സ് വകുപ്പ് ജോയിന്‍റ് കമ്മീഷണർ ജാൻസി റാണി വാൾ ഏറ്റെടുക്കുകയും ആചാരപ്രകാരം ദേവസ്വം മാനേജർ മോഹനന് കൈമാറുകയും ചെയ്തു.

ചടങ്ങിൽ എംഎൽഎമാരായ എം ആർ ബൈജു, സി കെ ഹരീന്ദ്രൻ, എം വിൻസന്‍റ്, പദ്മനാഭപുരം എംഎൽഎ ആർ ചെല്ലസ്വാമി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ, കമ്മിഷണർ ബി സുനിൽകുമാർ, കന്യാകുമാരി ജില്ലാ കളക്ടർ എം പ്രതാപ്, പൊലീസ് സൂപ്രണ്ട് അൻശുൽ നഗർ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കേരള, തമിഴ്‌നാട് സായുധ പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണറിനു ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ആനപ്പുറത്ത് പ്രൗഢിയോടെ എഴുന്നള്ളിയ തേവാരക്കെട്ട് സരസ്വതി ദേവി, വെള്ളിക്കുതിരപ്പുറത്തേറി വന്ന വേളിമല കുമാരസ്വാമി, പല്ലക്കിൽ മന്ദം മന്ദം നീങ്ങിയ മുന്നൂറ്റിനങ്ക ദേവി - ഈ മൂന്ന് ദിവ്യവിഗ്രഹങ്ങളും ഒന്നിച്ച് പ്രയാണം ആരംഭിച്ചപ്പോൾ ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് "ദേവീ ശരണം", "സ്വാമി ശരണം" വിളികൾ ഉയർന്നു കേട്ടു. രാവിലെ ഒൻപതോടെയാണ് തേവാരക്കെട്ട് സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തേറി ഘോഷയാത്രയായി പുറത്തേക്ക് എഴുന്നള്ളിയത്. തൊട്ടുപിന്നാലെ അലങ്കരിച്ച ഇരുപല്ലക്കുകളിലായി വേളിമല കുമാരസ്വാമിയും ശുചീന്ദ്രം മുന്നൂറ്റിനങ്കയും എഴുന്നള്ളിച്ചു. രാത്രിയോടെ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തുന്ന വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തും.

നാളെ ഉച്ചയ്ക്ക് 12ന് കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പൊലീസ്, റവന്യൂ, തിരുവിതാംകൂർ ദേവസ്വം അധികൃതർ ചേർന്ന് ആചാരപൂർവം സ്വീകരിക്കും. തുടർന്ന് രാത്രിയോടെ ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും. ഞായറാഴ്ച വൈകുന്നേരത്തോടെ ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.

സന്ധ്യയോടെ കിഴക്കേക്കോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർഥത്തിലെ ആറാട്ടിനുശേഷം സരസ്വതിദേവിയെ നവരാത്രി മണ്ഡപത്തിൽ പൂജയ്ക്കിരുത്തും. കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. നവരാത്രി പൂജകൾക്ക് ശേഷം ഒക്ടോബർ 23ന് വിഗ്രഹങ്ങളും ഉടവാളും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് മടങ്ങും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കിട്ടിയത് സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ ചെറിയൊരു എംബ്ലം മാത്രം; വിടാതെ പിടിച്ച് കൊച്ചി പൊലീസ്; സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാൾ പിടിയിൽ
മലപ്പുറം ജില്ലക്കാർക്ക് റെയിൽവേയുടെ സന്തോഷ വാർത്ത, സുപ്രധാനമായ തീരുമാനം ഉടൻ ?; വേണാട് എക്സ്ര്പസ് നിലമ്പൂർ വരെ നീട്ടാൻ സാധ്യത