അറിയിപ്പ്! ബുധനാഴ്ച റോഡുകൾ ബ്ലോക്കാകും, വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർ നേരത്തെ ഇറങ്ങണം

Published : Dec 01, 2025, 08:17 PM IST
Road closed

Synopsis

നാവികസേനയുടെ അഭ്യാസപ്രകടനത്തെ തുടർന്ന് തിരുവനന്തപുരത്ത് ബുധനാഴ്ച വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ പുറപ്പെടണമെന്ന് അധികൃതർ അറിയിച്ചു. 

തിരുവനന്തപുരം: നാവികസേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ നടക്കുന്നതിനെ തുടർന്ന് വരും ദിവസങ്ങളിൽ‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർആവശ്യമായ മുൻകരുതലുകളെടുക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഇന്ന് മുതൽ ബുധനാഴ്ച വരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന നാവിക സേനയുടെ അഭ്യാസപ്രകടനത്തിന്‍റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ കാരണം, വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്നും യാത്രക്കാർ തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിന് പതിവിനേക്കാൾ കൂടുതൽ യാത്രാ സമയം കണക്കിലെടുത്ത് വേണം പുറപ്പെടാനെന്നും അറിയിപ്പിലുണ്ട്. 

അഭ്യാസപ്രകടനത്തിന്‍റെ പ്രദർശനം നടക്കുന്നതിനാൽ വൈകുന്നേരങ്ങളിൽ നിലവിൽ ചാക്ക ഭാഗത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരടക്കം ഇതിൽ കുടുങ്ങുന്നതും ചെക്ക്-ഇൻ വൈകുന്നതിനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കൽ വഴി തിരികെ പോകേണ്ടതാണ്. ഇന്‍റർനാഷണൽ എയർപോർട്ടിലേയ്ക്ക് വരുന്ന വാഹനങ്ങൾ ചാക്ക അനന്തപുരി ഹോസ്പിറ്റൽ- സർവ്വീസ് റോഡ് വഴി പോകേണ്ടതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനാൽ വൈകുന്നേരം നാല് മണി മുതൽ ആറേകാൽ വരെ നിലവിൽ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ പുതുക്കിയ സമയക്രമം അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്നാണ് തിരുവനന്തപുരം ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് നിർദേശം. ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന നാവിക സേനാ ദിനാഘോഷം ശംഖുമുഖം ബീച്ച് പരിസരത്ത് അരങ്ങേറുക. ആഘോഷങ്ങളുടെ ഭാഗമായുള്ള അഭ്യാസ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനായി നാവിക സേനാ കപ്പലുകൾ എത്തിത്തുടങ്ങി. വിമാനങ്ങൾ ദിവസങ്ങളായി പരീക്ഷണപ്പറക്കലുകളും നടത്തുന്നുണ്ട്.

രാഷ്ട്രപതിയെത്തുന്ന ബുധനാഴ്ച ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിംഗ് ലഭ്യത അനുസരിച്ച് പ്രവേശനം അനുവദിക്കും. പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതും, പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി അതാത് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവ്വീസ് നടത്തുന്നതാണ്.

പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതേണ്ടതാണ്. ശംഖുമുഖത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിങ് പോയിന്‍റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാവുന്നതാണ്. ഗ്രീൻ പ്രോട്ടോക്കോളിന്‍റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.

വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടുകളുടെ വിവരങ്ങൾ

  1. കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
  2. എം.സി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എം.ജി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ടിലും, സംസ്‌കൃത കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്.
  3. കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിംഗ് കോമ്പൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
  4. പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂളിലും, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
  5. കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കൽ ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
  6. വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്‌സ് കോളേജ് പാർക്കിംഗ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ