
തൃശൂർ: യുവമോർച്ച നേതാവ് പുന്നയൂർക്കുളം പെരിയമ്പലം മണികണ്ഠൻ വധക്കേസിൽ രണ്ടാം പ്രതിയെ കോടതി വെറുതെവിട്ടു. എൻ.ഡി.എഫ് പ്രവർത്തകനായ ചാവക്കാട് കടപ്പുറം പുതിയങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി തൃശ്ശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ കമനീസ് വെറുതെവിട്ടത്. കേസിലെ പ്രധാന സാക്ഷികളായ രണ്ട് പേർ കൂറ് മാറിയിരുന്നു. 2004 ജൂൺ 12ന് വൈകീട്ട് അഞ്ചരയോടെ പെരിയമ്പലം ക്ഷേത്രത്തിനും അണ്ടത്തോട് സെൻ്ററിനും ഇടയിൽ വെച്ചാണ് യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന പെരിയമ്പലം പൊന്നോത്ത് കുഞ്ഞിമോൻ മകൻ മണികണ്ഠൻ (28) വെട്ടും കുത്തുമേറ്റ് മരിച്ചത്. ബൈക്കിൽ എത്തിയ എൻ. ഡി.എഫ് പ്രവർത്തകർ സുഹൃത്തിനൊപ്പം നടന്നു പോവുകയായിരുന്ന മണികണ്ഠനെ കാലിൽ വെട്ടിവീഴ്ത്തിയതിനു ശേഷം നെഞ്ചിൽ കുത്തിയത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ ഭീക്ഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമാണ് അക്രമം. ഉടൻ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേസിലെ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീലിനെ 2021-ൽ ജീവപരന്ത്യം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി തൃശൂർ ബാറിലെ സീനിയർ അഭിഭാഷകനായ പി.പി. ഹാരിസ്, യഹിയ എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam