
തിരുവനന്തപുരം: ഹിജാബ് വിവാദങ്ങൾക്കിടെ കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റീത്താസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ച് റോട്ടറി ഇന്‍റർനാഷണൽ ക്ലബ്. റോട്ടറി ഇന്‍റർനാഷണൽ എക്‌സലൻസ് അവാർഡുകളിലെ ഏറ്റവും മികച്ച പ്രിൻസിപ്പാളിനുള്ള പുരസ്‌കാരമാണ് സിസ്റ്റർ ഹെലീനക്ക് നൽകുന്നതെന്ന് ക്ലബ് സെക്രട്ടറി ജെ മോസസ് പറഞ്ഞു.
സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചെത്തിയതും സ്‌കൂള്‍ മാനേജ്‌മെന്‍റ് എതിര്‍പ്പ് പ്രകടിപ്പിച്ചതും വിവാദമായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ടിട്ടും ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയുടെ പ്രതികരണങ്ങളും ചര്‍ച്ചയായിരുന്നു. വിവാദങ്ങൾക്കിടെയാണ് റോട്ടറി ക്ലബ്ബ് ഇന്‍റർനാഷണൽ തിരുവനന്തപുരത്തിന്‍റെ നേതൃത്വത്തിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിക്കുന്നത്.
വിവാദങ്ങളല്ല, മേഖലയിലെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്നും നേരത്തെ ലഭിച്ച നിർദേശങ്ങളിൽ നിന്നാണ് സിസ്റ്ററെ തെരഞ്ഞെടുത്തതെന്നും സെക്രട്ടറി പറഞ്ഞു. അടുത്ത മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെയും ആദരിക്കും. ഇവരുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ക്ലബ് സെക്രട്ടറി അറിയിച്ചു.