
തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടിൽ നിന്നെത്തിച്ച ടേബിൾ ഫാൻ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതർ. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയിൽ നിന്ന് വൈദ്യുതിക്ക് വാടകയിനത്തിൽ പണം ഇടാക്കിയത്. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്. വാടക ഇനത്തിൽ പണം ഈടാക്കിയതിന് രസീത് അടക്കം നൽകിയിട്ടുണ്ട്. വെള്ളനാട് സ്വദേശിയായ രോഗിയിൽ നിന്ന് വൈദ്യുതി വാടകയെന്ന പേരിലാണ് പ്രതിദിനം 50 രൂപ ആശുപത്രി അധികൃതർ ഈടാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ തുക തിരിച്ചുനൽകുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കണ്ണൂരിൽ മദ്രസയിൽ കുഴഞ്ഞ് വീണ് ആറാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു
16 പേർ കിടക്കുന്ന പുരുഷന്മാരുടെ സർജറി വാർഡിലാണ് കിടപ്പ് രോഗിക്ക് ഫാൻ സ്വന്തമായി കൊണ്ടുവന്ന് ഉപയോഗിക്കേണ്ടിവന്നത്. വാർഡിൽ എട്ട് ഫാനുകളുണ്ടെങ്കിലും പ്രവർത്തിക്കുന്നത് അഞ്ചെണ്ണം മാത്രമാണ്. ബൈക്ക് അപടകത്തിൽ നട്ടെല്ല് പൊട്ടിയ കിടപ്പ് രോഗിയായ വെള്ളനാട് സ്വദേശി ഒൻപത് ദിവസം മുമ്പാണ് വാർഡിലെത്തിയത്. പകലെന്നോ, രാത്രിയെന്നോ വ്യത്യാസമില്ലാതെ ചൂട് അസഹനീയമായതോടെ ഫാനുകൾ പ്രവർത്തിക്കുന്നില്ലെന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ടേബിൾ ഫാൻ കൊണ്ടുവന്ന് ഉപയോഗിക്കാമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇത് അനുസരിച്ചാണ് രോഗിയുടെ വീട്ടുകാർ ടേബിൾ ഫാൻ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെ ചൂട് അസഹനീയമായതിനാലാണ് വീട്ടിൽ നിന്നും ഫാൻ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും വ്യക്തമാക്കി. മാത്രമല്ല ആശുപത്രിയിലെ ഫാൻ അനങ്ങാത്ത അവസ്ഥയിലാണെന്നും അവർ ചൂണ്ടികാട്ടി.
അതേസമയം സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി അധികൃതർ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തു നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവ് ആണ് ഈടാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തുനിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നത് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനമെന്നാണും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. കിടപ്പ് രോഗിയായതിനാൽ ഡിസ്ചാർജ്ജ് സമയത്ത് തുക തിരിച്ചുനൽകുമെന്നും ആശുപത്രി സുപ്രണ്ട് അറിയിച്ചു.