നീലക്കുറിഞ്ഞി കാണാന്‍ രാജമലയിൽ സഞ്ചാരികളുടെ വൻ ഒഴുക്ക്; പ്രത്യേക കൗണ്ടറുകൾ തുറന്നു

By Jansen MalikapuramFirst Published Sep 23, 2018, 1:09 PM IST
Highlights

നീലകുറുഞ്ഞിപ്പൂക്കൾ ആസ്വദിക്കുവാൻ വിദേശികളടക്കം എത്തുന്നുണ്ട്. മൂന്നുമാസം നീണ്ടു നിൽക്കുന്ന നീലവസന്തം ഓഗസ്റ്റ് പകുതിയോടെയാണ് ആരംഭിച്ചത്. എട്ടുലക്ഷത്തിലധികംപേർ പൂക്കൾ സന്ദർശിക്കുവാൻ എത്തുമെന്ന് ജില്ലാ ടൂറിസം വകുപ്പ് അറിയിച്ചതോടെ ജില്ലാ സംസ്ഥാന സർക്കാരുകൾ സംയുക്തമായി മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. 

ഇടുക്കി: നീലക്കുറുഞ്ഞി പൂവിട്ടത് കണ്ട് ആസ്വദിക്കാൻ രാജമലയിൽ സഞ്ചാരികളുടെ വൻ ഒഴുക്ക്. അഞ്ചുദിവസത്തിനിടെ സന്ദർശനം നടത്തിയത് ഇരുപതിനായിരത്തോളം പേർ. തിരക്ക് നിയന്ത്രിക്കാൻ പഴയ മൂന്നാറിലും കരിമുട്ടിയിലും പ്രത്യേക കൗണ്ടറുകൾ തുറന്ന് വനം വകുപ്പ് അധികൃതർ. പ്രളയം തകർത്ത വിനോദസഞ്ചാര മേഘലക്ക് പുത്തൻ ഉണർവേകുകയാണ് രാജമലയിൽ പൂവിട്ടിരിക്കുന്ന നീലക്കുറുഞ്ഞികൾ. കൊലുക്കുമലയ്ക്ക് സമീപത്തെ മീശപ്പുലിമയിലും, വട്ടവടയിലും, കാന്തല്ലൂരിലും നീലക്കുറുഞ്ഞികൾ പൂവിട്ടെങ്കിലും ദൂരം കൂടുതലായതിനാൽ രാജമലയാണ് സന്ദർശകരിലധികവും തിരഞ്ഞെടുക്കുന്നത്. 

നീലകുറുഞ്ഞിപ്പൂക്കൾ ആസ്വദിക്കുവാൻ വിദേശികളടക്കം എത്തുന്നുണ്ട്. മൂന്നുമാസം നീണ്ടു നിൽക്കുന്ന നീലവസന്തം ഓഗസ്റ്റ് പകുതിയോടെയാണ് ആരംഭിച്ചത്. എട്ടുലക്ഷത്തിലധികംപേർ പൂക്കൾ സന്ദർശിക്കുവാൻ എത്തുമെന്ന് ജില്ലാ ടൂറിസം വകുപ്പ് അറിയിച്ചതോടെ ജില്ലാ സംസ്ഥാന സർക്കാരുകൾ സംയുക്തമായി മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. പ്രതീക്ഷിക്കാതെയെത്തിയ പ്രളയം എല്ലാം തകർത്തെറിഞ്ഞു. മൂന്നാറിലേക്ക് എത്തിച്ചേരുന്ന പ്രധാന പാതകളെല്ലാം മണ്ണിടിഞ്ഞുവീഴുകയും, രാജമലയിലേക്ക് പോകുന്ന ഭാഗത്തുള്ള കന്നിമല പാലം തകരുകയും ചെയ്തതോടെ സന്ദർശകരടക്കം മൂന്നാറിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.

 മണ്ണിടിച്ചാൽ ശക്തമായതോടെ ജില്ലാ ഭരണകൂടം സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ പ്രധാനവിനോദ സഞ്ചാരമേഘലയായ മൂന്നാർ നിശ്ചലമായി. കനത്ത മഴയിൽ പൂത്തുനിന്ന കുറുഞ്ഞിപ്പൂക്കൾ അഴുകുകയും ചെയ്തു. എന്നാൽ മഴമാറിയതോടെ രാജമലയിൽ നിലവസന്തം എത്തിയെങ്കിലും ജില്ലാ കളക്ടറുടെ വിലക്ക് വിലങ്ങുതടിയായി. ഓഗസ്റ്റ് 30ന് വിലക്ക് നീങ്ങിയെങ്കിലും സന്ദർശകർ എത്തിയില്ല. മൂന്നാറിലെ എം.എച്ച്.ആർ.എ, ഷോക്കേഴ്സ് മൂന്നാർ എന്നിവർ ഡി.റ്റി.പി.സിയുടെ സഹകണത്തോടെ റോഡ് ഷോകളും, റാലിയും സംഘടിപ്പിച്ചതോടെയാണ് മൂന്നാർ വീണ്ടും സന്ദർശകർ സജീവമായത്. 

സംസ്ഥാനത്തെ വിവിധ ട്രാവൽ ഗ്രൂപ്പുകളെ ഉൾപ്പെടുത്തി വിവിധ സംഘടനകൾ നടത്തിയ റോഡ് ഷോയും സന്ദർശകരെ ആകർഷിച്ചു. നാലുദിവസത്തെ സർക്കാർ അവധിയെത്തിയതോടെ രാജമലയടക്കുള്ള വിനോദസഞ്ചാരമേഘലകൾ സന്ദർശകരെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുറുഞ്ഞി ആസ്വാദിക്കാൻ എത്തുന്ന സന്ദർശകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം യോഗം കൂടി. 

പഴയ മൂന്നാർ ഹൈ ആർട്ടിട്ട്യൂഡ് ട്രൈനിംങ്ങ് സെന്ററിലും, ഹൈഡൽ പാർക്കിലും, മാട്ടുപ്പെട്ടിറോഡിലെ റോസ് ഗാർഡന് സമീപത്തും സന്ദർശകരുടെ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള പണികൾ അവസാനഘട്ടത്തിലാണ്. രാജമലക്ക് സമീപത്തെ സന്ദർശകരുടെ ക്യൂ ഒഴിവാക്കുന്നതിനായി പഴയ മൂന്നാറിലും, കരിമുട്ടിയിലും തിങ്കളാഴ്ച മുതൽ പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. 

അഞ്ചാംമൈലിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരം പരിഷ്കരണങ്ങൾ നടത്തുന്നതെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി പറഞ്ഞു. പഴയ മുന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും മിനി ബസുകൾ രാജമലയിലേക്ക് സർവ്വീസ് ആരംഭിക്കുന്നുണ്ട്. സെപ്ടബർ അവസാനത്തോടെ ഇരവികുളത്ത് കൂടുതൽ നീലക്കുറുഞ്ഞികൾ പൂവിടുന്നതോടെ തിരക്ക് വീണ്ടും വർദ്ധിക്കുമെന്നാണ് അധികൃതർ പറയുന്നു.

click me!