
നൂൽപുഴ: വളം ചാക്കുമായി വീണ് നട്ടെല്ല് പൊട്ടി ഗോത്രവിഭാഗത്തിൽപ്പെട്ട 45കാരൻ മരണപ്പെട്ട സംഭവത്തിൽ അയൽവാസിക്കെതിരെ കേസ്. നൂൽപ്പുഴ തോട്ടാമൂല കാരപ്പൂതാടി കാട്ടുനായ്ക്ക ഉന്നതിയിലെ മാധവൻ (45) മരണപ്പെട്ട സംഭവത്തിലാണ് അയൽവാസിക്കെതിരെ പോലീസ് കേസെടുത്തത്. അപകടം പറ്റിയിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ താമസം വന്നതും, വിവരം ബന്ധുക്കളെ ഉടനെ അറിയിക്കാതിരിക്കുകയും ചെയ്‌തതിൽ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജോലിക്ക് വിളിച്ചു വരുത്തിയ അയൽവാസിയായ ശ്രീധരനെതിരെ കേസെടുത്തത്. മാധവന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് നൂൽപുഴ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സമഗ്ര അന്വേഷണത്തിനായി കേസ് എസ്.എം.എസിന് കൈമാറി.
കഴിഞ്ഞ മാസം 29ാം തിയതി ഉച്ചയോടെയാണ് അയൽവാസിയായ ശ്രീധരന്റെ വീട്ടിൽ ജോലിക്കിടെ രാസവള ചാക്ക് പുറത്ത് വെച്ച് ചുമന്ന് പോകുന്നതിനിടയിൽ മാധവന് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകളോളം താമസിച്ചാണ് അന്ന് രാത്രിയോടെ ബത്തേരി ഗവ. ആശുപത്രിയിൽ മാധവനെ എത്തിക്കുന്നത്. പിന്നീട് ആരോഗ്യ നില വഷളാവുകയും തുടർന്ന് മാധവൻ മരണപ്പെടുകയായിരുന്നു. ഉപേക്ഷ കൊണ്ട് മരണത്തിന് ഇടയാക്കിയായതിനാലും, ശരീര സുരക്ഷയ്ക്ക് അപായം ഉണ്ടാക്കുന്നതായ പ്രവർത്തി ചെയ്തതിനാലും ഭാരതീയ ന്യായ സംഹിത പ്രകാരവും SC ST (POA) ACT പ്രകാരവുമാണ് അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam