
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. പുന്നമടക്കായലിന്റെ തീരങ്ങള്‍ വള്ളംകളി പ്രേമികളുടെ ആവശത്തിമിര്‍പ്പിലാണ് ഇപ്പോള്‍ തന്നെ.
2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും.
ആയിരക്കണക്കിന് കാണികളാണ് വള്ളംകളിക്ക് സാക്ഷിയാവാന്‍ ഇന്ന് ആലപ്പുഴയില്‍ എത്തുന്നത്. ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കര്‍ശനമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആലപ്പുഴ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ അറിയിച്ചു. വള്ളംകളി നടക്കുന്ന പുന്നമട കായലിലെയും ഗ്യാലറി, പവലിയന്‍ എന്നിവിടങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സംഘാടക സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam