
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു. തിരുവനന്തപുരം പാൽക്കുളങ്ങര സ്വദേശി പ്രദീപിനാണ് കുത്തേറ്റത്. അയൽവാസി വിശാഖിനെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവം. ഇരുവരും അയൽവാസികളാണെന്നും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിശാഖ് പ്രദീപിനെ കുത്തിയത്. വയറ്റിലും കൈകൾക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് വിശാഖ് നിരന്തരം ശല്യമുണ്ടാക്കാറുണ്ട് എന്നാണ്. പൊതുശല്യമാണ് വിശാഖെന്ന് പൊലീസും പറയുന്നു. ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ട്. ഇന്നും വിശാഖ് പ്രശ്നവുമായി വന്നു. പ്രദീപിന്റെ അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് പ്രദീപിനെ കുത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രദീപിന്റെ ഭാര്യയും കുഞ്ഞും നോക്കിനിൽക്കേയാണ് ആക്രമിച്ചത്. പ്രദീപിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.