
പാലക്കാട്: നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉത്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാറൂക്ക്, പാലക്കാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറുമുഖ പ്രസാദ്, ഫാം തൊഴിലാളി സംഘടനാ പ്രതിനിധികൾ, ഫാം ജീവനക്കാർ, തൊഴിലാളികൾ മുതലായവർ സംബന്ധിച്ചു. ഫാം സൂപ്രണ്ട് സാജിദലി പി, ഫാമിന്‍റെ നിലവിലുള്ള വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച പ്രസന്‍റേഷൻ നടത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കൃഷി ഓഫീസർ ദേവി കീർത്തന നന്ദി പ്രകാശിപ്പിച്ചു.
മലേഷ്യൻ റെഡ് എന്ന ഇനം ഡ്രാഗൺ ഫ്രൂട്ട് ആണ് കൃഷി ചെയ്തത്. 450 തൈകൾ ആണ് 2023 ഏപ്രിൽ മാസത്തിൽ നട്ടത്. 750 ഗ്രാം വരെ തൂക്കം ലഭിക്കുന്നുണ്ട്. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയിലും ഈ വിദേശി ഇനം പഴവർഗ്ഗം നല്ല പോലെ വളരുന്നുണ്ട്. രോഗ കീട ബാധകൾ തീരെ കുറവാണ് എന്നതും എടുത്തു പറയേണ്ടതാണെന്ന് ഇവർ വ്യക്തമാക്കി.
തരിശ് രഹിത ഫാം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമായി സംസ്കരണത്തിനും മൂല്യ വർദ്ധനക്കും ഏറെ സാധ്യതയുള്ള ചോക്കലേറ്റ് ഉൾപ്പെടെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിള എന്ന നിലക്ക് കൊക്കോ കൃഷി തനി വിളയായും ഇടവിളയായും ഏകദേശം15 ഹെക്ടർ സ്ഥലത്ത് വ്യാപിപ്പിക്കുന്നതിന്‍റെ തൈ നടീൽ ഉത്ഘാടനവും നടന്നു. ഫാമിൽ പാഷൻ ഫ്രൂട്ട് മെയിൻ ബ്ലോക്കിന്‍റെ മുൻവശത്തായി വിവിധ ഇനം ചെറി തൈകൾ നട്ട് കൊണ്ട്, പുതുതായി ആരംഭിക്കുന്ന പച്ച തുരുത്തിന്‍റെ ഉത്ഘാടനവും നടത്തി. പോളി ഹൗസിനുള്ളിൽ ഹൈ ടെക് കൃഷി രീതി അനുവർത്തിച്ച് കൊണ്ട് ആരംഭിക്കുന്ന കാർഷിക സർവ്വകലാശാല പുറത്തിറക്കിയ KPCH 1 എന്ന ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പർ കൃഷിയുടെ വിത്ത് നടീൽ ഉത്ഘാടനവും നടന്നു.
ഈ വർഷത്തെ ബട്ടർ ബീൻസ് കൃഷിയുടെ നടീൽ ഉത്ഘാടനം, ഫാം ടൂറിസം പരിപാടി കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ആമ്പൽ കുളത്തിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പൂമ്പാറ്റയുടെ മാതൃകയിലുള്ള സെൽഫി പോയിന്‍റിന്‍റെ ഉത്ഘാടനം, ഡിസംബർ - ജനവരി മാസത്തിൽ ആയി നടത്താൻ ഉദ്ദേശിക്കുന്ന ഫാം ഫെസ്റ്റിന്‍റെ മുന്നോടിയായി നഴ്സറിയിൽ വിൽപ്പനയ്ക്കായി ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതും ആയ വിവിധയിനം നടീൽ വസ്തുക്കൾ പ്രവർദ്ധനം നടത്തുന്ന പ്രവർത്തനത്തിന് ഓർക്കിഡ് തൈകൾ നട്ട് കൊണ്ട് നടത്തിയ ഉത്ഘാടനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. അതത് സ്ഥലങ്ങളിൽ ചാർജ്ജ് ഉള്ള കൃഷി അസിസ്റ്റന്‍റുമാരായ സി നാരായണൻ കുട്ടി, മഹേഷ് വി എസ്, വസീം എന്നിവർ പദ്ധതി വിശദീകരണം നടത്തി. കൃഷ്ണകുമാർ, ജിനേഷ്, കൃഷ്ണദാസ്, ആതിര എന്നിവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
ഫാം ഫെസ്റ്റിന് മുന്നോടിയായി വൈവിധ്യമാർന്ന ഫാം ബ്യൂട്ടിഫിക്കേഷൻ, പുതുമയുള്ള, ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ ഉത്പാദനം, ഹൈടെക്, ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷികൾ, ടിഷ്യൂ കൾച്ചർ ബനാന ഹർഡനിങ്, വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി, വൈവിധ്യമാർന്ന മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഫാമിൽ ഊർജ്ജിതമായി പുരോഗമിച്ചു വരുന്നു. വിവിധ ഇനം സ്വദേശി വിദേശി ഇനം പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വിത്ത് മുതൽ സംസ്കരണവും മൂല്യ വർധനയും ഉൾപ്പെടെ പഠിക്കാനും മനസ്സിലാക്കാനും പ്രായോഗിക പരിജ്ഞാനം നേടാനും പറ്റുന്ന രീതിയിൽ ഫാം ടൂറിസത്തിന്‍റെ ഒരു ഉത്തമ മാതൃകയാണ് ഇന്ന് നെല്ലിയാമ്പതി ഓറഞ്ച് ഫാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam