
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ വോട്ട് ചെയ്ത് തിരുവനന്തപുരം ജില്ല. അടുത്ത 5 വർഷം ആര് ഭരിക്കണമെന്ന് തിരുമാനിക്കാനായി ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം കനത്ത വോട്ടെടുപ്പായിരുന്നു നടന്നതെന്നാണ് ഇതുവരെയുള്ള കണക്ക് വ്യക്തമാകുന്നത്. 8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്. നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ബൂത്തിലെത്തിയത്. കാട്ടാക്കടയിൽ 80.72 ശതമാനവും നേമത്ത് 80.62 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ 80 ശതമാനം കടന്ന ജില്ലയിലെ മണ്ഡലങ്ങളും ഇവയാണ്. ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് ദൃശ്യമായി.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളായ അരുവിക്കര (78.99%), നെടുമങ്ങാട് (78.2%), പാറശ്ശാല (77.59%), വാമനപുരം (77.46%), നെയ്യാറ്റിൻകര (77.52%) എന്നിവിടങ്ങളിലും ഉയർന്ന പോളിംഗ് നിലയാണ് കാണിക്കുന്നത്. കോവളത്ത് 75.38 ശതമാനവും തിരുവനന്തപുരം സെൻട്രലിൽ 74.66 ശതമാനവുമാണ് വോട്ടെടുപ്പ് നടന്നത്. ചിറയിൻകീഴ് (74.13%), വർക്കല (73.96%), ആറ്റിങ്ങൽ (73.74%) എന്നീ മണ്ഡലങ്ങളിലാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. രാത്രി വൈകിയും ബൂത്തുകളിൽ വോട്ടർമാരുടെ നിര ഉണ്ടായിരുന്നതിനാൽ അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
വർക്കല - 73.96
ആറ്റിങ്ങൽ -73.74
ചിറയിൻകീഴ് - 74.13
നെടുമങ്ങാട് -78.2
വാമനപുരം -77.46
കഴക്കൂട്ടം -78.67
വട്ടിയൂർക്കാവ് -76.9
തിരുവനന്തപുരം -74.66
നേമം -80.62
അരുവിക്കര -78.99
പാറശ്ശാല -77.59
കാട്ടാക്കട -80.72
കോവളം -75.38
നെയ്യാറ്റിൻകര -77.52
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam