റോഡിൽ വച്ച് ദീർഘനേരം സംസാരിച്ചു, പിന്നാലെ രമ്യ ഭയന്നോടി; ദീപക് കുത്തിയത് വീട്ടുപടിക്കൽ വച്ചെന്ന് നാട്ടുകാർ

Published : Oct 18, 2023, 12:36 PM ISTUpdated : Oct 18, 2023, 01:09 PM IST
റോഡിൽ വച്ച് ദീർഘനേരം സംസാരിച്ചു, പിന്നാലെ രമ്യ ഭയന്നോടി; ദീപക് കുത്തിയത് വീട്ടുപടിക്കൽ വച്ചെന്ന് നാട്ടുകാർ

Synopsis

അമ്മയെയും അമ്മൂമ്മയെയും ഉപേക്ഷിച്ച് തന്നോടൊപ്പം ഇറങ്ങിവരണമെന്ന ആവശ്യം നിരാകരിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് വിവരം

തിരുവനന്തപുരം: നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ സംഭവത്തിന് ശേഷവും പ്രതി ദീപക് യുവതിയുടെ വീട്ടിൽ തുടർന്നെന്ന് നാട്ടുകാർ. രാവിലെ എട്ടരയോടെ രമ്യയുടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന ദീപക് വീട്ടുപടിക്കൽ വച്ച് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തുടർന്ന ദീപക് പൊലീസെത്തിയതറിഞ്ഞ് കൈയ്യിലെ കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമാണ്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്. രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവർ രമ്യയുടെ വീടിന് മുന്നിലെ റോഡിൽ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് കാമുകൻ കാമുകിയുടെ കഴുത്തിൽ കുത്തി, സ്വയം കഴുത്തറുത്തു

ഇന്ന് രാവിലെ ദീപക് രമ്യയോട് തന്നോടൊപ്പം ഇറങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. രമ്യയെ ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു യുവാവ് എത്തിയത്. കൈയ്യിൽ കത്തിയും കരുതിയിരുന്നു. റോഡിൽ വച്ച് നടന്ന സംഭാഷണത്തിനൊടുവിൽ ഭയന്ന് വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച രമ്യയെ ദീപക് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ രണ്ട് തവണ കുത്തിയെന്നാണ് നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന വിവരം. നാട്ടുകാർ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഈ സമയത്തും രമ്യയുടെ വീട്ടിൽ തന്നെയാണ് ദീപക് ഉണ്ടായിരുന്നത്. പൊലീസ് വന്നെന്ന് അറിഞ്ഞ ശേഷമാണ് ദീപക് സ്വയം കഴുത്തറുത്തത്. ഇയാളെ പൊലീസുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്
ക്യാനിന്‍റെ പേരില്‍ അക്രമം; പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്