ഹസ്നയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

കോഴിക്കോട്: കൈതപ്പൊയിലിലെ അപാ‍‍ർട്ട്മെന്‍റില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഹസ്ന വീട്ടിലേക്ക് മടങ്ങി വരികയാണെന്ന് ഉമ്മയെ വിളിച്ചു പറഞ്ഞിരുന്നു. ഹസ്നക്കൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന യുവാവിനെ കുറിച്ച് സംശയമുണ്ടെന്നും, ഇയാൾ ലഹരി കേസുകളിൽ ഉൾപ്പെട്ടായാളാണെന്നും ഹസ്നയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധു ഷംനാസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മരിച്ച ഹസ്നക്കൊപ്പം താമസിച്ചിരുന്ന യുവാവ് ക്രിമിനല്‍ സ്വഭാവമുള്ളയാളായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഷംനാസ് ആവശ്യപ്പെട്ടു.

മരിക്കുന്നതിന്‍റെ മുമ്പ് ഹസ്ന അമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഹസ്നയുടേത് തൂങ്ങി മരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഹസ്നയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കൈതപ്പൊയിലിലെ ഹൈസൻ അപ്പാർട്ട്‌മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ ഹസ്നയെ(34) വാടക്ക് താമസിച്ചിരുന്ന അപ്പാർട്ട്‌മെമെന്‍റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ യുവതി എട്ട് മാസത്തോളമായി പുതുപ്പാടി ചോയിയോട് വേനകാവ് കൈതപ്പൊയിലിൽ അദിൽ എന്ന 29 കാരനായ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു.

ഈങ്ങാപ്പുഴയിൽ മകൻ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ഹസീനയുടെ ഇപ്പോഴത്തെ പങ്കാളിയായ ആദിൽ. ആദിലും വിവാഹമോചിതനാണ്. ഇയാൾക്ക് ലഹരി ഇടപാടുണ്ടെന്ന് ആരോപണമുയ‍ർന്നിരുന്നു. ഹസ്നയും ആദിലും വിവാഹം കഴിച്ചിട്ടില്ലെന്നും ആദ്യ വിവാഹത്തിൽ ഹസ്‌നയ്ക്ക് മൂന്ന് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. 13 വയസുള്ള മൂത്തമകൻ മാത്രമാണ് ഇപ്പോൾ ഹസ്‌നയുടെ കൂടെ താമസിക്കുന്നുള്ളൂ. മറ്റ് രണ്ടു മക്കളേയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്‌നയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.