
കോഴിക്കോട്: പഠനത്തിലും വ്യക്തിപരമായ പ്രശ‌്നങ്ങളിലും സ‌്കൂൾ വിദ്യാർഥികൾക്ക‌് സഹായഹസ‌്തമാവാൻ ഇനി ‘നേർവഴി’കൗൺസിലിങ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ ‘എഡ്യുകെയർ’ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായാണ‌് ജില്ലയിലെ 70 സ‌്കൂളുകളിൽ കൗൺസലിങ് സംവിധാനം ‘നേർവഴി’ തുടങ്ങുന്നത‌്.
കൗമാരക്കാരായ പെൺകുട്ടികളെ ഉദ്ദേശിച്ചാണ‌് പ്രധാനമായും പുതിയ സംരംഭം. നേരത്തെ സാമൂഹിക നീതി വകുപ്പ‌് ജില്ലയിലെ 50 സ‌്കൂളുകളിൽ കൗൺസലിങ‌് തുടങ്ങിയിരുന്നു. ഒക്റ്റോബർ ഒന്ന‌് മുതൽ ‘നേർവഴി’ തുടങ്ങുന്നതോടെ 120 സ‌്കൂളുകളിൽ കുട്ടികൾക്ക‌് കൗൺസലിങ‌് ലഭിക്കും. പഠന–മാനസിക പ്രശ‌്നങ്ങൾ പരിഹരിക്കൽ, രക്ഷാകർതൃ ബന്ധം മെച്ചപ്പെടുത്തൽ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക‌് വിദഗ‌്ധരുടെ സഹായം ലഭിക്കും. ഡയറ്റും ജില്ലാ പഞ്ചായത്തും ചേർന്ന‌് നടത്തുന്ന പദ്ധതിയിൽ 25 കൗൺസലർമാരെയാണ‌് നിയോഗിച്ചത‌്.
ഓരോ സ‌്കൂളിലും ആഴ്ചയിൽ രണ്ടു ദിവസം കൗൺസലിങ‌് ഉണ്ടാകും. എല്ലാ മാസവും അവലോകനം നടത്താൻ ഓൺലൈൻ മോണിറ്ററിങ‌് സംവിധാനമുണ്ട‌്. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് ഡയറക്റ്റർ, ജില്ലാ മെഡിക്കൽ ഓഫിസർ, ഡയറ്റ് പ്രിൻസിപ്പൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ തുടങ്ങിയവരടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam