
തൃശൂർ: റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. റെയിൽവെ സ്റ്റേഷനിൽ മധ്യഭാഗത്തുള്ള മേൽപ്പാലത്തിൽ ലിഫ്റ്റിനോട് ചേർന്നാണ് ബാഗ് കണ്ടെത്തിയത്. ശോഭ എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. പിന്നാലെ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒന്നര മാസം മുൻപ് മലപ്പുറത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു കുഞ്ഞിൻ്റെ മൃതദേഹം ബാഗിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ഈ സംഭവവും പുറത്തുവരുന്നത്. തീരെ ചെറിയ ബാഗിലാണ് മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചത്. ബാഗിനകത്ത് സ്‌പൂണും മറ്റ് സാധനങ്ങളും ഉണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
രാവിലെ 8:45 ഓടെ അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയതെന്ന് ശുചീകരണ തൊഴിലാളി രവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംശയം തോന്നി ആർപിഎഫ് ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം തുറന്നു നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. കൊണ്ടുവന്നിട്ടിട്ട് അധിക സമയമായില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam