
കൊച്ചി : എറണാകുളം ബ്രഹ്മപുരത്തെ മാലിന്യമല നീക്കാൻ പുതിയ കമ്പനിയുമായി കരാറിലേര്‍പെടാൻ കൊച്ചി കോര്‍പ്പറേഷൻ തീരുമാനിച്ചു. ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്കാണ് കരാര്‍ നല്‍കുക. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ തള്ളിയാണ് പുതിയ കരാറിന് കൗൺസില്‍ തീരുമാനമെടുത്തത്.
ബ്രഹ്മപുരം തീപിടുത്തതിനു പിന്നാലെ വേസ്റ്റ് നീക്കുന്നതില്‍ നിന്ന് സോൺട ഇൻഫ്ര ടെക് കമ്പനിയെ കൊച്ചി കോര്‍പ്പറേഷൻ ഒഴിവാക്കിയിരുന്നു. പുതിയതായി അപേക്ഷിച്ച രണ്ട് കമ്പനികളില്‍ കുറഞ്ഞ തുക രേഖപെടുത്തിയത് ഭൂമി ഗ്രീൻ എനര്‍ജി കമ്പനിയാണ്. ഒരു ടൺ മാലിന്യം നീക്കാൻ 1708 രൂപയാണ് കമ്പനി ആദ്യം ആവശ്യപെട്ടതെങ്കിലും ചര്‍ച്ചയില്‍ അത് 1690 രൂപയായി കുറച്ചു. തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം കമ്പനി ഇപ്പോള്‍ ബയോ മൈനിംഗ് പ്രവര്‍ത്തികള്‍ ചെയ്യുന്ന പൂനയിലെ പ്ലാന്‍റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മാലിന്യ നീക്ക കരാര്‍ ഭൂമി ഗ്രീൻ എനര്‍ജി കമ്പനിക്ക് തന്നെ നല്‍കാൻ കോര്‍പ്പറേഷൻ തീരുമാനിച്ചത്.
എന്നാല്‍ വലിയ തുകക്ക് കരാര്‍ നല്‍കുന്നതില്‍ അഴിമതിയുണ്ടെന്ന് കോര്‍പ്പറേഷൻ കൗൺസില്‍ യോഗത്തില്‍ പ്രതിപക്ഷ കൗൺസിലര്‍മാര്‍ ആരോപിച്ചു.25 യുഡിഎഫ് അംഗങ്ങള്‍ തീരുമാനത്തിനെതിരെ വോട്ട് രേഖപെടുത്തി. എന്നാല്‍ മാലിന്യ നീക്കം ഇനിയും വൈകിപ്പിക്കാനാവില്ലെന്ന് മേയര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് ഏതാണ്ട് ഏഴ് ലക്ഷം മെട്രിക് ടൺ മാലിന്യം കൂന്നുകൂടികിടക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് നീക്കം ചെയ്യുന്നതിന് കോര്‍പ്പറേഷന് വലിയ തുക തന്നെ കണ്ടെത്തേണ്ടിവരും.