തന്റെ പേരിൽ വ്യാജ രജിസ്ട്രേഷന്‍ എടുത്ത ബൈക്ക് പിടികൂടണമെന്നാവശ്യപ്പെട്ട് ആസിഫ് അബൂബക്കർ മോട്ടോർ വാഹന വകുപ്പിലും പൊലീസ് സ്റ്റേഷനുകളിലും കയറി മടുത്തിരുന്നു. ഒടുവിൽ എസ്.പിക്ക് പരാതി നൽകിയതോടെയാണ് ലോക്കൽ പൊലീസ് അനങ്ങിയത്. 

പത്തനംതിട്ട: 13 വര്‍ഷമായി വ്യാജ രജിസ്ട്രേഷനില്‍ ഓടിയിരുന്ന ബൈക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ ആസിഫ് അബൂബക്കര്‍ എന്ന യുവാവിന്റെ നാളുകൾ നീണ്ട തലവേദനയ്ക്കാണ് കഴഞ്ഞ ദിവസം പരിഹാരമായത്. ആസിഫിന്റെ പേര് ഉപയോഗിച്ച് വ്യാജമായി രജിസ്റ്റർ ചെയ്ത ബൈക്ക് പൊലീസ് പിടികൂടി. എന്നാല്‍ ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. 

പല സ്ഥലങ്ങളിലുള്ള എ.ഐ ക്യാമറകളിൽ നിന്ന് നിരന്തരം പെറ്റി കിട്ടിയപ്പോഴാണ് തന്റെ പേരിൽ വ്യാജമായി ബൈക്ക് രജിസ്റ്റർ ചെയ്ത കാര്യം ആസിഫ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തന്റെ പേരിൽ വ്യാജ രജിസ്ട്രേഷന്‍ എടുത്ത ബൈക്ക് പിടികൂടണമെന്നാവശ്യപ്പെട്ട് ആസിഫ് അബൂബക്കർ മോട്ടോർ വാഹന വകുപ്പിലും പൊലീസ് സ്റ്റേഷനുകളിലും കയറി മടുത്തിരുന്നു. ഒടുവിൽ എസ്.പിക്ക് പരാതി നൽകിയതോടെയാണ് ലോക്കൽ പൊലീസ് അനങ്ങിയത്. അടൂർ സി.ഐ കഴിഞ്ഞ ദിവസം ബൈക്ക് കസ്റ്റഡിയിലെടുത്തു. എന്നാൽ 13 കൊല്ലം മുമ്പ് വ്യാജമായി ബൈക്ക് രജിസ്റ്റർ ചെയ്തവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. 

Read also: ടേക്ക്-ഓഫിനിടെ മൊബൈല്‍ ഓഫ് ചെയ്തില്ല; 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു !

ബൈക്ക് ഇപ്പോൾ ഉപയോഗിച്ചുവരുന്ന ആളെ കണ്ടു പൊലീസ് ചോദ്യംചെയ്തു. ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്ന് ഏഴു കൊല്ലം മുൻപ് ബൈക്ക് വാങ്ങിയെന്ന് മാത്രമാണ് അയാളുടെ മൊഴി. മോട്ടോർ വാഹനവകുപ്പ് എങ്ങനെ വ്യാജരേഖകൾ വെച്ച് ബൈക്ക് രജിസ്റ്റർ ചെയ്തു നൽകി, ഉദ്യോഗസ്ഥരെ ആരെങ്കിലും സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു. 

എന്നാല്‍ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തന്‍റെ പേരിലുള്ള ബൈക്ക് ഉപയോഗിച്ചെന്നും രാഷ്ട്രീയ സ്വാധീനത്താൽ പൊലീസ് പ്രതികളെ പിടിക്കാതെ മനഃപൂർവ്വം ഉഴപ്പുകയാണെന്നുമാണ് ആസിഫ് പറയുന്നത്. എ.ഐ. ക്യാമറയിൽ നിന്ന് തുടർച്ചയായി നിയമലംഘന നോട്ടീസ് കിട്ടിയപ്പോഴാണ് പതിമൂന്ന് കൊല്ലമായി തന്‍റെ പേരിൽ ഒരു ബൈക്ക് നിരത്തിലോടിയ കാര്യം ആസിഫ് തിരിച്ചറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്