സംസ്ഥാനത്ത് 112ല്‍ ബന്ധപ്പെടുന്നവര്‍ക്ക് ഇനി മുതല്‍ 108 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാകും

By Web TeamFirst Published Feb 14, 2020, 5:10 PM IST
Highlights

പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 112 ന്‍റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 108 കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം കൈമാറുന്നതും ഇവിടെ നിന്ന് ആംബുലന്‍സ് വിന്യസിക്കുന്നതും സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി. 


തിരുവനന്തപുരം: ദേശീയ അടിയന്തിര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് സംസ്ഥാനത്ത് ഇനി മുതല്‍ കനിവ് 108 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാകും. ടെക്നോപാര്‍ക്കിലെ 108 ആംബുലന്‍സ് കണ്ട്രോള്‍ റൂമില്‍ നടന്ന ചടങ്ങില്‍ 112 ഡെസ്ക്കിന്‍റെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ  നിര്‍വ്വഹിച്ചു.

പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 112 ന്‍റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 108 കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം കൈമാറുന്നതും ഇവിടെ നിന്ന് ആംബുലന്‍സ് വിന്യസിക്കുന്നതും സംസ്ഥാന പൊലീസ് മേധാവി വിലയിരുത്തി. കുട്ടനാടന്‍ പ്രദേശങ്ങളില്‍ ആംബുലന്‍സ് ആയി ഉപയോഗിക്കാന്‍ പൊലീസിന്‍റെ ബോട്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപകടങ്ങള്‍ ഉള്‍പ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളില്‍ 112 ല്‍ ബന്ധപ്പെടുന്നവര്‍ക്ക് പൊലീസിനൊപ്പം ആംബുലന്‍സ് സേവനവും ഇതിലൂടെ ലഭ്യമാകും. 112 ദേശീയ അടിയന്തിര പ്രതികരണ സംവിധാനത്തിന്‍റെ കാള്‍ സെന്‍ററിലേയ്ക്ക് വരുന്ന അത്യാഹിത സന്ദേശങ്ങളില്‍ ആംബുലന്‍സ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലെ കമ്പ്യൂട്ടറിലേയ്ക്ക് കൈമാറും.

ഇവിടെ നിന്ന് ആവശ്യക്കാര്‍ക്ക് സമീപമുള്ള ആംബുലന്‍സ് ലഭ്യമാക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 112 ഡെസ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. 108 ല്‍ വരുന്ന അത്യാഹിത സന്ദേശങ്ങളില്‍ പേലീസിന്‍റെ സേവനം ആവശ്യമുള്ള സംഭവങ്ങളില്‍ 112 ലേക്ക് സന്ദേശം കൈമാറാനുള്ള സംവിധാനങ്ങളും സജ്ജമായി വരികയാണ്.

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എം.ഡി. ഡോ.നവജ്യോത് ഖോസ ഐ.എ.എസ്, കെംപ് ഡെപ്യൂട്ടി മാനേജര്‍ രാജീവ് ശേഖര്‍, ജി വി കെ ഈ എം ആര്‍ ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 

click me!