പ്ലാച്ചിമടയിൽ പുതിയ സംരംഭത്തിന് നീക്കം; ജലചൂഷണം അനുവദിക്കില്ലെന്ന് പഞ്ചായത്ത്

By Web TeamFirst Published Jan 20, 2019, 8:46 AM IST
Highlights

പ്ലാച്ചിമടയിൽ പൂട്ടിയ കൊക്കക്കോള പ്ലാന്‍റിൽ പുതിയ സംരംഭം തുടങ്ങാൻ നീക്കം. കമ്പനി ലക്ഷ്യമിടുന്നത് പഴച്ചാറ് സംസ്കരണ കേന്ദ്രം തുടങ്ങാൻ. ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ജലചൂഷണം അനുവദിക്കില്ലെന്നും  പെരുമാട്ടി ഗ്രാമപഞ്ചായത്ത്.

പാലക്കാട്: ജലചൂഷണത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടർന്ന് 14 വർഷം മുമ്പാണ് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അടച്ചുപൂട്ടുന്നത്. തുടർന്ന് കാടുപിടിച്ചു കിടക്കുകയായിരുന്ന 34 ഏക്കർ വരുന്ന ഫാക്ടറി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി.

കൊക്കക്കോള ഉത്പാദനം നിർത്തിയെങ്കിലും മാങ്ങയിൽ നിന്നുൾപ്പെടെ പഴച്ചാർ സംസ്കരണ സംഭരണ കേന്ദ്രമെന്ന ആശയം കമ്പനി വർഷങ്ങൾക്ക് ശേഷം മുന്നോട്ട് വച്ചിരുന്നു. ജലചൂഷണം നടക്കുമെന്ന ആശങ്കയിൽ പദ്ധതി മുന്നോട്ടുപോയില്ല. ഇതുൾപ്പെടെയുളള ഫുഡ്‍പാർക്കിന് കളമൊരുങ്ങുന്നതായാണ് വിവരം.

നിലവിൽ അനുമതിക്കായി കമ്പനി അധികൃതർ സമീപിച്ചിട്ടില്ലെന്നാണ് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പറയുന്നത്. കുടിവെളളമുപയോഗിച്ചുളള ഒരു വ്യവസായവും ഇവിടെ ഇനി അനുവദിക്കില്ലെന്നാണ് പഞ്ചായത്ത് നിലപാട്. തത്ക്കാലം പുതിയ പദ്ധതികളില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പഴച്ചാറ് സംസ്കരണ കേന്ദ്രമെന്ന ആശയമുൾപ്പെടെ നിരവധി പദ്ധതികൾ പ്ലാച്ചിമടയിലേക്ക് ആലോചിക്കുന്നുണ്ടെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ കമ്പനിയും പരിസരവും വൃത്തിയാക്കുന്നത് ഭൂമി അളന്നു തിട്ടപ്പെടുത്താൻ വേണ്ടിയെന്നാണ് വിശദീകരണം.

click me!