ഓണാവധിക്കാലത്തിനായി മൂന്നാര്‍ ഒരുങ്ങുന്നു; ഇക്കുറി സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി പുതിയ പദ്ധതികള്‍

By Web TeamFirst Published Aug 24, 2023, 8:17 AM IST
Highlights

ഡിടിപിസി ഓഫീസിലെ പിന്‍വശത്ത് വൈകുന്നേരങ്ങളില്‍ സഞ്ചാരികള്‍ക്ക് നടക്കുവാനും സമയം ചെലവഴിക്കാനുമായി മുതിരപ്പുഴ ബാങ്ക് ബ്യൂട്ടിഫിക്കേഷന്‍ എന്ന പേരില്‍ 450 മീറ്ററോളം നടപ്പാതയും  ഇരിപ്പടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍. ഡിടിപിസിയുടെ ഓഫീസിന് പിന്‍വശത്തും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പദ്ധതികളാണ് ഓണത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കാന്‍ ഒരുങ്ങുന്നത്. ഓണത്തോട് അനുബന്ധിച്ച് പഴയമൂന്നാറിലെ ടൂറിസം വകുപ്പിന്റെ റിവര്‍ വാക്ക്‌ വേ വിനോദസഞ്ചാരികള്‍ക്ക് താത്കാലികമായി തുറന്നുനല്‍കും. 

ഓണത്തോട് അനുബന്ധിച്ച് നിരവധി സഞ്ചാരികള്‍ മൂന്നാറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാട്ടുപ്പെട്ടി, ടോപ്‌ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങള്‍ കണ്ടു മടങ്ങിവരുന്ന സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചിലവഴിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ ഡിടിപിസി ഓഫീസിന്റെ പിന്‍വശത്തും ബോട്ടാണിക്കല്‍ ഗാര്‍ഡനിലുമായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 

ഡിടിപിസി ഓഫീസിലെ പിന്‍വശത്ത് വൈകുന്നേരങ്ങളില്‍ സഞ്ചാരികള്‍ക്ക് നടക്കുവാനും സമയം ചെലവഴിക്കാനുമായി മുതിരപ്പുഴ ബാങ്ക് ബ്യൂട്ടിഫിക്കേഷന്‍ എന്ന പേരില്‍ 450 മീറ്ററോളം നടപ്പാതയും  ഇരിപ്പടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കും ഇവിടെ സജ്ജമാണ്. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഓണത്തോടനുബന്ധിച്ച് 26 തീയതി മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ ഗാനസദ്യ ഡി.ജെ, മ്യൂസിക്കല്‍ ഫൗണ്ടന്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്കായി ആരംഭിക്കും. 

മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ദേവികുളം എംഎല്‍എ  അഡ്വ എ രാജ പറഞ്ഞു. ദേവികുളം റോഡില്‍ ഡിടിപിസിയുടെ അഞ്ചേക്കര്‍ സ്ഥലത്താണ് ബോട്ടാണിക്കല്‍  ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വിദേശത്തു നിന്ന് എത്തിച്ചവ അടക്കം ആയിരക്കണക്കിന് പൂക്കളും ചെടികളുമാണ് ഇവിടെയുള്ളത്. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.

Read also: എംപി അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് പഞ്ചായത്ത്, രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപണം

വനിതാ വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസ സൗകര്യം; മൂന്നാറില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു
മൂന്നാർ: ഇടുക്കി ജില്ലയിലെ ആദ്യ ഷീ ലോഡ്ജ് പള്ളിവാസലിൽ ഒരുങ്ങുന്നു. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ടാം മൈലിലെ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്തുള്ള പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിന് സമീപമാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. ഡിസംബറിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം. 

മൂന്നാർ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളായ വനിതകൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനാണ് ഷീലോഡ്ജ് നിർമിക്കുന്നത്. എട്ട് മുറികൾ, 32 പേർക്കു താമസിക്കാവുന്ന ഡോർമിറ്ററി, ഭക്ഷണശാല, അടുക്കള എന്നിവ അടങ്ങിയതാണ് ലോഡ്ജ്. പഞ്ചായത്തിന്റെ തനത് പ്ലാൻ ഫണ്ടുകളിൽ നിന്നുള്ള 75 ലക്ഷം രൂപ ചെലവിട്ടാണ് ലോഡ്ജ് നിർമിക്കുന്നത്. എട്ടു മാസം മുമ്പാണ് ലോഡ്ജിന്റെ നിർമാണം ആരംഭിച്ചത്. ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിലെ പ്രകൃതിഭംഗി ഓരോ മുറികളിലുമിരുന്ന് കാണാൻ കഴിയുന്ന വിധത്തിലാണ് കെട്ടിടത്തിന്റെ നിർമാണം.

Read also: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സിപിഎം ഓഫീസിൽ പുലർച്ചെ വരെ പണി; ഉത്തരവ് കിട്ടിയില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!