
കോട്ടയം: ഉപരാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാനായി കോട്ടയത്ത് റോഡ് വെട്ടിപ്പൊളിച്ച് കൈവരികൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. ടാർ ചെയ്ത് ആഴ്ചകൾ മാത്രമായ റോഡ് പതിവില്ലാത്ത വിധം വെട്ടിപ്പൊളിച്ചതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. ഒരു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയ ഉപരാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി റോഡുകൾ വെട്ടിപ്പൊളിച്ചത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാർ പറഞ്ഞു
പൊലീസ് സ്റ്റേഡിയം മുതൽ മാമ്മൻ മാപ്പിള ഹാൾ വരെയും, കഞ്ഞിക്കുഴി വഴി നാട്ടകം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിലുമാണ് കൈവരികൾ തീർത്തത്. കൈവരിക്കായി ജനറൽ ആശുപത്രിക്ക് മുന്നിൽ അടുത്തിടെ പാകിയ ടൈൽസും സിമന്‍റും വെട്ടിപ്പൊളിച്ചു. ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൈവരികൾ വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.
പുതിയ റോഡ് വെട്ടിപ്പൊളിച്ചതിന് പുറമെ കഴിഞ്ഞ രണ്ട് ദിവസമുണ്ടായ ഗതാഗതനിയന്ത്രണവും നഗരത്തെ വീർപ്പുമുട്ടിച്ചു. രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ കോട്ടയം നഗരത്തിലേക്ക് ഒരു വലിയ വാഹനവും കടത്തിവിട്ടിരുന്നില്ല.
10 മണി മുതൽ 11.30 മണി വരെയും ഒരു മണി മുതൽ രണ്ടര മണി വരെയും ഗതാഗതം പൂർണ്ണമായും നിരോധിച്ചതോടെ ഇട റോഡുകളുൾപ്പടെ ഗതാഗതക്കുരുക്കിലമർന്നു. എഡിജിപി അനിൽകാന്ത്, ഐജി വിജയ് സാക്കറെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരാഷ്ട്രതിക്ക് സുരക്ഷയൊരുക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam