
കോട്ടയം: നാട്ടുകാരുടെ ഭൂമി പ്രശ്നങ്ങൾക്കും വഴി പ്രശ്നങ്ങൾക്കുമൊക്കെ പരിഹാരം കാണുക എന്നതാണ് വില്ലേജ് ഓഫീസുകള്‍ നല്‍കേണ്ട പ്രധാന സേവനങ്ങള്‍. എന്നാല്‍ ഒരു വില്ലേജ് ഓഫിസ് വരുന്നതോടെ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന നടവഴി തന്നെ ഇല്ലാതാകുമെന്ന പേടിയില്‍ കഴിയുകയാണ് കോട്ടയം പെരുമ്പായിക്കാട്ടെ കുറേ നാട്ടുകാര്‍. മൂന്ന് കുടുംബങ്ങളുടെ നടവഴി അടച്ചു കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന പെരുമ്പായിക്കാട്ടെ സ്മാര്‍ട് വില്ലേജ് ഓഫിസ് നാളെ റവന്യു മന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
വെള്ളിയാഴ്ച രാവിലെ റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനത്തിന് എത്തും മുമ്പുള്ള അവസാന മിനുക്കു പണികളാണ് ഇപ്പോള്‍ കോട്ടയം പെരുമ്പായിക്കാട്ടെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ നടക്കുന്നത്. എന്നാല്‍, നാട്ടിൽ പുതിയ വില്ലേജ് ഓഫിസ് വരുമ്പോൾ സ്വന്തം വീടുകളിലേക്ക് ഉള്ള വഴി എന്നന്നേക്കുമായി അടഞ്ഞു പോകുമെന്ന പേടിയിൽ കഴിയുന്ന കുറെ മനുഷ്യരെ ഈ സ്മാർട്ട് കെട്ടിടത്തിന് തൊട്ടടുത്ത് തന്നെ കാണാന്‍ സാധിക്കും.
കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾ ഉപയോഗിക്കുന്ന നട വഴിയാണ് വില്ലേജ് ഓഫീസ് കെട്ടിടം വന്നപ്പോള്‍ അടഞ്ഞത്. പുതിയ വില്ലേജ് ഓഫിസിനായി റവന്യു വകുപ്പ് ഈ ഭൂമിക്കു ചുറ്റും മതിലിന്‍റെ പണി തുടങ്ങിയതോടെ ഇവർക്കു മുന്നിൽ വീട്ടിലേക്കുള്ള ആകെയുള്ള വഴിയാണ് അടയുന്നത്.
ഉയരാൻ പോകുന്ന വില്ലേജ് ഓഫീസിന്‍റെ മതിലിനും തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്‍റെ അതിരിനും ഇടയിലുള്ള കഷ്ടിച്ച് ഒരടി സ്ഥലത്തു കൂടി വേണം ഇനി ഈ മൂന്ന് വീടുകളിലെ 13 താമസക്കാർ അകത്തു കയറുകയും പുറത്തിറങ്ങുകയും ചെയ്യേണ്ടതെന്ന് ചുരുക്കം. വെറും മൂന്നടി സ്ഥലം വിട്ടു കൊടുക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചാൽ തീരും ഈ പാവം മനുഷ്യരുടെ വഴി പ്രശ്നം.
പക്ഷേ, വില്ലേജ് ഓഫിസറോ തഹസിൽദാരോ ജില്ലാ കളക്ടറോ ഉൾപ്പെടെ ഉദ്യോഗസ്ഥരാരും സർക്കാരിന്‍റെ ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുത്തുള്ള ഒരു പ്രശ്ന പരിഹാരത്തിനും തയാറല്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി എത്തിയിട്ടും ഒരു പരിഹാരം ഉണ്ടായില്ല. നിയമത്തിന്‍റെ സാങ്കേതികതകളിൽ ഊന്നിയാണ് ഉദ്യോഗസ്ഥർ ഈ മനുഷ്യർക്ക് നടവഴി അവകാശം നിഷേധിക്കുന്നത്. റവന്യൂ മന്ത്രി എത്തി കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ അനുകൂലമായ ഒരു തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ആ മൂന്ന് കുടുംബങ്ങളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam