Asianet News MalayalamAsianet News Malayalam

അടിമയല്ല അതിഥിയാണ്;അപകടത്തിൽപെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായമില്ല,മരണം സംഭവിച്ചാലും തിരിഞ്ഞുനോക്കുന്നില്ല

കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാത്രം സംസ്ഥാനത്ത് 150 ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കിടയിലെ അപകടങ്ങളിൽ മരിച്ചെന്നാണ് സർക്കാർ കണക്കുകൾ. കാരണങ്ങൾ പുറത്തുവന്നിട്ടും തൊഴിൽ വകുപ്പോ പൊലീസോ തൊഴിലുടമയ്ക്കെതിരെ ഒരു കേസിലും ഒന്നും ചെയ്തിട്ടില്ല

There is no help for guest workers who are injured
Author
First Published Nov 17, 2022, 7:04 AM IST

കൊച്ചി : ജോലിക്കിടെ അപകടത്തിൽ പെട്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച കേസുകളിലൊന്നിലും നടപടിയില്ല.കളമശ്ശേരി കിൻഫ്രാ പാർക്കിൽ ജോലിക്കിടെ നാലു തൊഴിലാളികൾ മണ്ണിടിഞ്ഞു വീണു മരിച്ച കേസിൽ പോലീസ് കുറ്റപത്രം പോലും ഇതുവരെ നൽകിയിട്ടില്ല. കുറ്റക്കാർക്കെതിരെ വിചാരണ വൈകുമ്പോൾ തൊഴിലിടങ്ങളിലെ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ തൊഴിൽവകുപ്പും ഇടപെടുന്നില്ല.ജോലിക്കിടെ അപകടത്തിൽ പെട്ടവരും നഷ്ടപരിഹാരത്തിനായി സ്വന്തം ചെലവിൽ നിയമപോരാട്ടം നടത്തേണ്ട ഗതികേടിലാണ്

ഞാൻ ഇനി എന്ത് ചെയ്യും? എവിടെ പോകും? ഈ ചോദ്യം ചോദിക്കുന്നത് അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആണ്. മാർച്ച് 18ന് ആയിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായി ബബി നായികിന്റെ ഭ‍ർത്താവ് മരിച്ചത് . 

ജോലിക്കിടെ പരിക്കേറ്റ തൊഴിലാളി സാക്കിർ ഹുസൈൻ ചോദിക്കുന്നത് ജോലി ചെയ്യാതെ താൻ എങ്ങനെ ജീവിക്കുമെന്നാണ് .മെഷിനിൽ വിരൽ കുടുങ്ങി.സൂപ്പർവൈസർ മെഷീൻ വൃത്തിയാക്കാൻ പറഞ്ഞു.അയാൾ മലയാളിയാണ്.ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നു.പിന്നാലെ അയാൾ മെഷീൻ ഓൺ ആക്കി.സാക്കിർ ഹുസൈന്റെ വിരലുകൾ അറ്റു.കമലാഹാസൻ, ജോലിക്കിടെ പരിക്കേറ്റ തൊഴിലാളി ആണ്. കമലഹാസനും ചോദിക്കുന്നു. ഇനി എന്നെ ആര് ജോലിക്ക് വിളിക്കും. പശ്ചിമ ബംഗാളിൽ നിന്നുള്ള സാക്കിർ ഹുസൈനും,തമിഴ്നാട്ടുകാരൻ കമലാഹാസനും പെരുമ്പാവൂരിലെ കണ്ടന്തറയിലാണ് ഇപ്പോൾ ഉള്ളത്

സുശാന്ത് നായിക്-37 വയസ്സ്. ശങ്കർ നായിക് ,വയസ് 24. തൊഴിൽ ഇല്ലാത്ത ജീവിക്കാനുള്ള കൂലിയില്ലാത്ത ഒഡീഷയിലെ ആദിവാസി പ്രദേശമായ സുരുടയിൽ നിന്ന് കേരളത്തിലേക്ക് വണ്ടി പിടിച്ചവർ.കഴിഞ്ഞ മാസം മരടിലെ ഒരു വീട് പൊളിക്കുന്നതിനിടെയാണ് സ്ലാബ് ദേഹത്ത് വീണ് സുശാന്തും,ശങ്കറും മരിച്ചത്. ആലംബമറ്റ ഇവരുടെ കുടുംബങ്ങൾ ഗ്രാമത്തിലുണ്ട്.ഇനിയെന്തെന്ന് വഴിയറിയാതെ.

സുരക്ഷ മുൻകരുതൽ ഒന്നും എടുക്കാത്ത കോൺട്രാക്ടർമാർ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കുകയാണ്.കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാത്രം സംസ്ഥാനത്ത് 150 ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കിടയിലെ അപകടങ്ങളിൽ മരിച്ചെന്നാണ് സർക്കാർ കണക്കുകൾ. കാരണങ്ങൾ പുറത്തുവന്നിട്ടും തൊഴിൽ വകുപ്പോ പൊലീസോ തൊഴിലുടമയ്ക്കെതിരെ ഒരു കേസിലും ഒന്നും ചെയ്തിട്ടില്ല.അതേസമയം 2015 ജനുവരി മുതൽ ഇത് വരെ 13 തൊഴിലാളികൾക്ക് മാത്രമാണ് ജോലി സ്ഥലത്ത് വെച്ച് പരിക്കേറ്റതെന്നാണ് തൊഴിൽവകുപ്പിൽ നിന്ന് കിട്ടിയ വിവരാവകാശ രേഖ. 

നിയമപ്രകാരം കുറഞ്ഞത് അഞ്ചര ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടേണ്ടതാണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികൾക്ക്.എന്നാൽ ഇരുപതിനായിരം രൂപ നൽകി കമലാഹാസനെയും 1ലക്ഷം രൂപ നൽകി സാക്കിറിനെയും ഉടമ ജോലിയിൽ നിന്ന് പുറത്താക്കി.ഇനി സാധാരണ പോലെ മറ്റൊരു ജോലിയും ചെയ്യാനോ ഇവർക്കാവതില്ല.

ഇനി തൊഴിലവകാശങ്ങളെ കുറിച്ച് ബോധ്യമുണ്ടെങ്കിലും നിസ്സഹായവസ്ഥ കൊണ്ട് നിശബ്ദരാകേണ്ടി വരുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ.കേരളം മുന്നോട്ട് എന്ന് ഖ്യാതി.ഈ തൊഴിലാളികളെ ചൂഷണം ചെയ്ത് കൊണ്ടാകരുത് കേരളം മുന്നോട്ട് നടക്കേണ്ടതും

Follow Us:
Download App:
  • android
  • ios