
കായംകുളം: ആലപ്പുഴയില്‍ യുവാവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. എരുവ ഒറ്റത്തെങ്ങ് ജംഗ്ഷന് സമീപം ഹോട്ടൽ ജീവനക്കാരാനായ കീരിക്കാട് സ്വദേശി ഉവൈസി മർദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. പത്തിയൂർ വില്ലേജിൽ എരുവ കിഴക്ക് മുറിയിൽ പുല്ലം പ്ലാവിൽ ചെമ്പക നിവാസ് വീട്ടിൽ കൃഷ്ണകുമാർ മകൻ ചിന്തു എന്ന് വിളിക്കുന്ന അമൽ (23), രണ്ടാം പ്രതി പത്തിയൂർ വില്ലേജിൽ പത്തിയൂർ കിഴക്ക് മുറിയിൽ കൊല്ലാശ്ശേരി തറയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രാഹുൽ (29) എന്നിവർ ആണ് അറസ്റ്റിലായത്.
നവംബര്‍ മൂന്നാം തീയതി രാത്രി 8.30 മണിയോടെ കായംകുളം താസാ ഹോട്ടലിലെ ജീവനക്കാരനായ കീരിക്കാട് സ്വദേശി ഉവൈസ് ഹോട്ടലിൽ നിന്നും ഡെലിവറിക്ക് വേണ്ടി ഭക്ഷണവുമായി സ്കൂട്ടറിൽ പോയ സമയത്താണ് സംഭവം. എരുവ ഒറ്റത്തെങ്ങ് ജങ്ഷന് സമീപം വളവിൽ വെച്ച് ഉവൈസ് സ്കൂട്ടർ മറിഞ്ഞുതാഴെ വീണു. വണ്ടി ഉയർത്താൻ ശ്രമിച്ച സമയം അവിടെയെത്തിയ പ്രതികൾ ഉവൈസിനെ ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം സമീപത്തെ വയലിൽ തള്ളിയിട്ട് വെള്ളത്തിൽ പിടിച്ചു മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ഈ കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ കൊച്ചു കളീക്കൽ വീട്ടിൽ രാധാകൃഷ്ണൻ നായർ മകൻ രാജേഷ് (32) നേരത്തേ പൊലീസ് പിടിയിലായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഒന്നും രണ്ടും പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തുന്നതിലേക്ക് അന്വേഷണം നടത്തി വരവെയാണ് തൃശൂർ കൊടകര ഭാഗത്ത് ഉള്ളതായി അറിവ് ലഭിച്ചത്. പൊലീസ് സംഘം അവിടെയെത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒന്നാം പ്രതിയായ അമൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിലും രണ്ടാം പ്രതിയായ രാഹുൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഒന്നാം പ്രതി അമലിനെ കാപ്പ ചുമത്തി ഒരു വർഷക്കാലത്തേക്ക് ആലപ്പുഴ ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ ഉത്തരവിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഇയാൾ വീണ്ടും ജില്ലയിലെത്തി. തുടര്‍ന്നാണ് കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമ കേസിൽ പ്രതിയായത്. പ്രതികൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, പൊലീസുകാരായ രാജേന്ദ്രൻ, ദീപക്, ഷാജഹാൻ, വിഷ്ണു, ശ്രീരാജ്, സബീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read More : ഹണി ട്രാപ്പ് മോഡൽ തട്ടിപ്പ്; പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ മർദ്ദിച്ച് നഗ്നദൃശ്യം പകർത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam