
പാലക്കാട്: പാലക്കാട് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം. കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സംഘർഷമുണ്ടാവുകയായിരുന്നു. വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘർഷം. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎം വിനുവിന് മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്ലാൻ ബി സജ്ജമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍. മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും കോര്‍പ്പറേഷനിലെ പ്രചാരണം ഇനി നടക്കുക വിനുവിന്‍റെ നേതൃത്വത്തിലായിരിക്കുമെന്നും കെ പ്രവീണ്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഷയത്തിൽ വി എം വിനു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇനിയും സർപ്രൈസുണ്ടാകും. പ്ലാൻ ബിയും ഒരു സര്‍പ്രൈസായിരിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ ഗൂഢാലോചന മൂലമാണ് വിനുവിന്‍റെ പേരു വോട്ടർ പട്ടികയിൽ ഉൾപ്പെടാതെ പോയത്. കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രവീൺകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വി എം വിനുവിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തത് സംബന്ധിച്ച് പരാതിയിൽ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസർ നൽകിയ റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
2020ലെ വോട്ടർ പട്ടികയിൽ വിനുവിന്‍റെ പേരു ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് ആണ് ഇ ആർ ഒ ജില്ലാ കളക്ടര്‍ക്ക് നൽകിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരങ്ങൾ വി എം വിനു വിനിയോഗിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കുക. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എം വിനു ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam