
തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പൂന്തുറ സ്വദേശികളായ നാസർ (45), ഷർജാദ് (25) എന്നിവരെയാണ് പിടികൂടിയത്. വെള്ളറട ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിലെ പരുത്തിപ്പള്ളിയിലും അമ്പൂരിയ്ക്ക് സമീപവുമുള്ള ഫിനാൻസ് സ്ഥാപനങ്ങളിലാണ് മുക്കുപണ്ടം വച്ച് പണം കൈപ്പറ്റിയന്ന് പൊലീസിന് വിവരം ലഭിച്ചത്. സെപ്റ്റംബർ 25ന് പരുത്തിപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ എത്തി ഇരുവരും 10 ഗ്രാം തൂക്കമുള്ള വള പണയംവെച്ച് 90,000 രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
ആധാർ കാർഡ് പിന്നീട് എത്തിച്ച് നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. തുടർന്ന് ഒക്ടോബർ ഒന്നിന് ഉച്ചയോടെ അമ്പൂരിയ്ക്ക് സമീപം ഫിനാൻസ് സ്ഥാപനത്തിലും സമാന രീതിയിൽ 10 ഗ്രാം തൂക്കമുള്ള വള പണയംവെച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റിയതായി വിവരം ലഭിച്ചു. സംശയം തോന്നിയതിനെ തുടർന്ന് വൃന്ദാവൻ ഫിനാൻസ് ഉടമ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇരുവരെയും തിരിച്ചറിഞ്ഞു. തുടർന്ന് വാട്സപ്പ് ഗ്രൂപ്പുകളിൽ വിവരം കൈമാറി. ഇവർ വെള്ളറടയിലെത്തി സമാനമായ തട്ടിപ്പ് നടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam