ദേഹത്ത് കരി ഓയിൽ, അടിവസ്ത്രം മാത്രം ധരിച്ച് മുഖം മൂടിധാരി; നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും 'അജ്ഞാതൻ'

Published : Jul 26, 2023, 03:39 PM ISTUpdated : Jul 26, 2023, 03:42 PM IST
ദേഹത്ത് കരി ഓയിൽ, അടിവസ്ത്രം മാത്രം ധരിച്ച് മുഖം മൂടിധാരി; നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും 'അജ്ഞാതൻ'

Synopsis

സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത്  കരിയോയിലൊഴിച്ച് മുഖം മൂടിധാരിയെത്തും. കണ്ടവര്‍ പലരുണ്ടെങ്കിലും അജ്ഞാതന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല.

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോടിന് പിന്നാലെ ചെറുപുഴയിലും മുഖം മൂടി ധരിച്ച അജ്ഞാതന്‍റെ വിളയാട്ടം. വാതിലില്‍ മുട്ടിയും വീടിന്‍റെ ചുമരില്‍ കൈയടയാളം പതിച്ചുമൊക്കെയാണ് മുഖം മൂടിധാരി കറങ്ങി നടക്കുന്നത്. പൊലീസും നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്തിയിട്ടില്ല.

ആലക്കോട് തേര്‍ത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതന്‍ ഇറങ്ങിയത്. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത്  കരിയോയിലൊഴിച്ച് മുഖം മൂടിധാരിയെത്തും. കണ്ടവര്‍ പലരുണ്ടെങ്കിലും അജ്ഞാതന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വീടുകളുടെ കതകില്‍ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവന്‍ കറങ്ങി നടക്കും. വീടുകളിലെ പൈപ്പും തുറന്നിടും. അങ്ങനെ അജ്ഞാതന്‍റെ വിക്രിയകള്‍ പലതായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്‍റെ ശല്യം ആലക്കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ അവസാനിച്ചതിന്‍റെ ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. പിന്നാലെ അജ്ഞാതന്‍ എത്തിയത് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. പ്രൊപ്പൊയില്‍, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതയ്ക്കുന്നത്. വീടുകളുടെ കതകില്‍ മുട്ടിയശേഷം ആളുകളുണരുമ്പോള്‍ അജ്ഞാതന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയില്‍ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് ഇയാള്‍ യാത്രയാകുന്നത്.

പ്രാപ്പൊയില്‍ ഭാഗത്തെ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരെ കണ്ട് അജ്ഞാതന്‍ സ്ഥലം വിട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും ഒരു ചെരിപ്പും കണ്ടെത്തി. ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ടോയെന്നതാണ് സംശയം.  നാട്ടുകാര്‍ സംഘടിച്ച് രാത്രിയില്‍  വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അജ്ഞാതനായി തെരച്ചില്‍ നടത്തുന്നുണ്ട്. ചെറുപുഴ പൊലീസ് ഈ മേഖലയില്‍ പട്രോളിംഗ് ശക്തമാക്കി. നാട്ടുകാരെ ഭയപ്പെടുത്താനായി ഇറങ്ങിയ ആരെങ്കിലുമാകും ഈ അജ്ഞാതനെന്ന നിഗമനത്തിലാണ് പൊലീസ്.

വീഡിയോ കാണാം:

ചെറുപുഴയിൽ മുഖംമൂടി ധരിച്ച് രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്